കൽപ്പറ്റ: നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെത്തി. ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ ആണ് മോഹൻലാൽ. സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് എത്തിയത്. സൈനിക ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചേക്കും.
രക്ഷാദൗത്യത്തിന്റെ ഭാഗമായി ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചയിടങ്ങളിലേക്കെല്ലാം മോഹൻലാൽ പോകുമെന്നാണ് വിവരം. മുംബയിൽ നിന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം നാട്ടിലെത്തിയത്. തുടർന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരെ അഭിനന്ദിക്കുകയും ചെയ്തു.
മോഹൻലാലിനെക്കൂടാതെ താരങ്ങളായ മമ്മൂട്ടി, ദുൽഖർ, മഞ്ജു വാര്യർ, ആസിഫ് അലി,നവ്യാ നായർ, പേളി മാണി, റിമി ടോമി, സൂര്യ, ജ്യോതിക, കാർത്തി,നയൻതാര, വിക്രം, രശ്മിക മന്ദാന അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിരുന്നു. 25 ലക്ഷം പ്രഖ്യാപിച്ച കമല്‍ഹാസനാണ് ആദ്യമായി സഹായഹസ്തം നീട്ടിയ താരങ്ങളിലൊരാള്‍.
മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷമാണ് നൽകിയത്. ഇതൊരു ചെറിയ തുകയാണെന്നറിയാമെന്നും ഇനിയും സഹായിക്കുമെന്നും മമ്മൂട്ടി വാഗ്ദാനം ചെയ്തിരുന്നു. സൂര്യയും കുടുംബവും അരക്കോടിയാണ് നൽകിയത്.നയൻതാരയും - വിഘ്നേശ് ശിവനും കൂടി 20 ലക്ഷം രൂപയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |