മലപ്പുറം: വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ചാലിയാർ പുഴ കേന്ദ്രീകരിച്ച് നടത്തിയ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പുഴയിൽ തെരച്ചിൽ തുടങ്ങിയത്. ഇതുവരെ കണ്ടെത്തിയതിൽ മൂന്നിലൊന്ന് മൃതദേഹങ്ങളും ചാലിയാറിൽ നിന്നാണ് കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ ചാലിയാറിൽ നിന്ന് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.
അതേസമയം, സൂചിപ്പാറയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു. മലപ്പുറം സ്വദേശികളായ സാലി, റിയാസ്, മുഹ്സിൻ എന്നിവരാണ് സൂചിപ്പാറയ്ക്ക് സമീപമുള്ള പാറയിൽ കുടുങ്ങിയത്. ഇവരിൽ രണ്ട് പേർക്ക് കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒരാൾ നീന്തി മറുകരയിലേക്ക് വന്നിരുന്നു.
പരിക്കേറ്റ രണ്ട് പേരെയും എയർ ലിഫ്‌റ്റ് ചെയ്‌തു. വൈദ്യസഹായം നൽകിയ ശേഷം മൂന്ന് പേരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. വളരെ സാഹസികമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് ഇവർ ചാലിയാർ പുഴ കടന്ന് വനത്തിലൂടെ സൂചിപ്പാറയിലേക്ക് പോയത്. പിന്നെ മുന്നോട്ടുപോകാനും സാധിച്ചില്ല. രാത്രി മുഴുവൻ പാറക്കെട്ടിൽ കുടുങ്ങി. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ എത്തിയാണ് മൂവർ സംഘത്തെ രക്ഷിച്ചതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |