മേപ്പാടി: എത്രകണ്ടാലും കൊതിതീരാത്ത പ്രകൃതി സുന്ദര ഗ്രാമമായിരുന്നു ചൂരൽമലയും മുണ്ടക്കൈയും. മരണം മണക്കുന്ന മണ്ണിൽ ഇനി ശേഷിപ്പായുള്ളത് മലവെള്ളത്തിൽ ഒഴുകിയെത്തിയ കൂറ്റൻമരങ്ങൾ, ഭീമൻ പാറക്കെട്ടുകൾ, കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾ. ഒരു ചെറു തോട് നദിപോലെ പരന്ന് പ്രഹരിച്ചതിന്റെ പാടുകൾ.
അഞ്ച് വർഷം മുമ്പ് ഉരുൾപൊട്ടലുണ്ടായ പുത്തുമല ഇപ്പോൾ തീർത്തും വിജനമാണ്. ഇവിടെയുണ്ടായിരുന്നവർ സുരക്ഷിത കേന്ദ്രങ്ങൾ തേടിപ്പോയി. അതേവിധിയാണ് തൊട്ടടുത്തുള്ള ചൂരൽമലയെയും മുണ്ടക്കൈയെയും കാത്തിരിക്കുന്നത്.
തേയില തോട്ടങ്ങളുടെ നാടാണ് മേപ്പാടി. 22 വാർഡുകളുണ്ട് ഈ പഞ്ചായത്തിൽ. 10,11,12 വാർഡുകളെയാണ് ഉരുൾ കവർന്നത്.
ബ്രിട്ടീഷുകാർ സ്വർണം തേടിയെത്തിയ ഇടമായിരുന്നു മേപ്പാടി. വെളളരിമലയുടെ അടിവാരത്ത് സ്വർണത്തിനായി അവർ ഗുഹകൾ തീർത്തു. 1870കളിൽ ഈ പ്രദേശത്ത് 33 ഖനന കമ്പനികൾ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. പിന്നീട് കാടും മേടും വെട്ടിത്തെളിച്ച് തേയില തോട്ടമാക്കി. കങ്കാണി സമ്പ്രദായത്തിൽ തൊഴിലാളികളെ കൊണ്ടുവന്ന് ജോലിയെടുപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുവരെ തൊഴിലാളികളെ കൊണ്ടു വന്നിരുന്നു. പിന്നീട് വൈത്തിരിയിലും മാനന്തവാടി താലൂക്കിലും തേയില തോട്ടം ആരംഭിച്ചു. കനകം വിളയുന്ന മണ്ണിൽ കുരുമുളകും ഏലവും വിളയിച്ചു. തൊഴിലാളികൾക്ക് താമസിക്കാൻ പാടികൾ (ലയങ്ങൾ) പണിതു. മേപ്പാടി പഞ്ചായത്തിലേക്ക് നിരവധിപേർ പലനാടുകളിൽ നിന്നായി കുടിയേറിയിട്ടുണ്ട്. തോട്ടം മേഖല പതിയെ വളരുകയായിരുന്നു. ജനങ്ങൾ ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിഞ്ഞു. സ്നേഹിക്കാൻ മാത്രം അറിയുന്ന പാവപ്പെട്ടവരുടെ നാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |