വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലവും തുടർ സാഹചര്യവും കണക്കിലെടുത്ത് റിലീസ് മാറ്റത്തിൽ മലയാള ചിത്രങ്ങൾ. ഇൗ ആഴ്ച റിലീസ് നിശ്ചയിച്ചിരുന്ന ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് , ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ദീപ്തി സതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന താനാരാ എന്നീ ചിത്രങ്ങൾ ആഗസ്റ്റ് 23 ലേക്ക് മാറ്റി. സൈജു കുറുപ്പ് നായകനായി നവാഗതനായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം ആഗസ്റ്റ് 9 ൽ നിന്ന് റിലീസ് മാറ്റി. പുതിയ തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റ് 2ന് നിശ്ചയിച്ചിരുന്ന മഞ്ജു വാര്യരുടെ ഫൂട്ടേജ് , ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായ അഡിയോസ് അമിഗോ എന്നീ ചിത്രങ്ങൾ റിലീസ് മാറ്റിയിരുന്നു. ചിത്തിനി എന്ന ചിത്രത്തിന്റെ റിലീസ് നേരത്തേ തന്നെ മാറ്റിയിരുന്നു. അഡിയോസ് അമിഗോ ആഗസ്റ്ര് 8ന് റിലീസ് ചെയ്യും.
അനൂപ് മേനോൻ നായകനായ ചെക്ക് മേറ്റ് 8ന് റിലീസ് ചെയ്യുന്നുണ്ട്. 15ന് ബേസിൽ ജോസഫ് -ജീത്തുജോസഫ് ചിത്രം നുണക്കുഴി, പുതുമുഖങ്ങളുടെ വാഴ എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.
ഇൗ ചിത്രങ്ങളുടെ റിലീസ് ആഗസ്റ്റ് 9നുശേഷമേ തീരുമാനിക്കുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ തിയേറ്ററിൽ കാഴ്ചക്കാർ കുറയുമെന്നാണ് കരുതുന്നത്. ഇതു കൂടി വിലയിരുത്തിയശേഷം റിലീസ് ചെയ്താൽ മതി എന്ന നിലപാടിലാണ് നിർമ്മാതാക്കൾ. എന്നാൽ വിക്രം -പാ രഞ്ജിത്ത് ചിത്രം തങ്കലാൻ15ന് റിലീസ് ചെയ്യുന്നുണ്ട്.
ആഗസ്റ്റ് 23ന് നിശ്ചയിച്ചിരുന്ന വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം, മീര ജാസ്മിന്റെ പാലും പഴവും എന്നീ ചിത്രങ്ങളുടെ റിലീസ് മാറാനാണ് സാദ്ധ്യത. ഇൗ ചിത്രങ്ങൾ സെപ്തംബർ ആദ്യം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. എന്നാൽ സെപ്തംബർ 5 മുതൽ ഒാണ ചിത്രങ്ങൾ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |