മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഉണ്ടായ കടുത്ത മണ്ണിടിച്ചിൽ കേരളത്തിന്റെ മാത്രമല്ല രാജ്യത്താകമാനമുള്ള ജനങ്ങളുടെ ഉള്ളുലച്ചുകഴിഞ്ഞു. രണ്ട് സ്‌കൂളുകളടക്കം വയനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെയാകെ ഇല്ലാതാക്കിയ ഈ മഹാദുരന്തം നമുക്കുണ്ടാക്കിയ ഞെട്ടൽ വളരെ വലുതാണ്. പ്രശസ്‌തരായ വ്യവസായികളും, സിനിമാ താരങ്ങളും മറ്റ് സമൂഹത്തിലെ ഉന്നതരും തങ്ങളാലാകുന്ന ചെറുതും വലുതുമായ സഹായങ്ങൾ ദുരന്തബാധിതർക്ക് നൽകുന്നുണ്ട്. രക്ഷാപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് പ്രവർത്തിക്കുന്നു.
ഏഴ് ദിവസം മുൻപുവരെ ഉപയോഗത്തിലുണ്ടായിരുന്ന സഞ്ചാരവഴികൾ, റോഡുകൾ മുതൽ പാലങ്ങൾ വരെ വയനാട്ടിൽ മണ്ണിടിച്ചിലിൽ നശിച്ചുപോയി. അവയ്‌ക്കിടയിൽ നിന്നും ജനത്തെ രക്ഷിക്കാനാണ് രക്ഷാപ്രവർത്തകർ സ്ഥലത്തുള്ളത്. എന്നാൽ ഇതിനിടയിലും സ്ഥലം സന്ദർശിക്കുന്ന മറ്റൊരുവിഭാഗം ആളുകളുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നടക്കം വന്ന ഇക്കൂട്ടർ മുണ്ടക്കൈയിലെത്തിയത് എന്തെങ്കിലും സഹായത്തിനല്ല. പകരം അത്യന്തം വിനാശം സൃഷ്‌ടിച്ച സ്ഥലം വെറുതെ തങ്ങളുടെ കൗതുകം കൊണ്ട് ഒന്നുകാണാൻ എത്തുന്നതാണ് ഇവർ. ഇത്തരത്തിൽ എത്തുന്നവർ ചെയ്യുന്നതാണ് ഡാർക് ടൂറിസം. കഴിഞ്ഞ ദിവസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇതിനെതിരെ പരസ്യമായിത്തന്നെ രംഗത്ത് വന്നിരുന്നു.
കേരള പൊലീസിന്റെ സമൂഹമാദ്ധ്യമ പേജിലും ഇതിനെതിരെ പോസ്റ്റുണ്ടായി. ദുരന്ത പ്രദേശത്തേക്ക് കാഴ്‌ചകൾ കാണാൻ ദയവായി പോകരുതെന്നാണ് പേജിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് പോലും അത് പ്രയാസം സൃഷ്‌ടിക്കും എന്നായിരുന്നു കുറിപ്പ്.
എന്താണ് ഡാർക് ടൂറിസം?
മരണമോ ദുരന്തമോ ഉണ്ടായി ശ്രദ്ധ നേടിയ ഒരു സ്ഥലത്ത് കാഴ്‌ചകാണാൻ വേണ്ടി മാത്രം പോകുന്ന തരം രീതിയാണ് ഡാർക് ടൂറിസം. 1996ൽ ഗ്ളാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിലെ ജെ.ജോൺ ലെനനും മാൽക്കം ഫോളിയും ചേർന്നാണ് ആദ്യമായി ഡാർക് ടൂറിസം എന്ന പദം രൂപപ്പെടുത്തിയത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ ദുരന്തമോ കഷ്‌ടപ്പാടുകളോ ഒക്കെ സംഭവിച്ച പ്രദേശത്തേക്കുള്ള യാത്രയാണ് ഇത്. പ്രകൃതി ദുരന്തങ്ങളോ, വംശഹത്യകളോ അല്ലെങ്കിൽ ഏതെങ്കിലും കുപ്രസിദ്ധമായ മരണമോ ഒക്കെ നടന്ന ഇടമാകാം ഇത്.
ഡാർക് ടൂറിസം വഴി ഇന്നും ശ്രദ്ധേയമായ ഇടങ്ങൾ
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദുരന്തം നടന്നയിടമാണെങ്കിലും അവിടം സന്ദർശിക്കാനെത്തുന്നവരിലൂടെ ഇപ്പോഴും ശ്രദ്ധ നേടുന്ന ചില സ്ഥലങ്ങൾ ഇവയാണ്.
ഓഷ്‌വിറ്റ്സ്-ബെർകാനൗ: പോളണ്ടിൽ രണ്ടാംലോക മഹായുദ്ധ കാലത്ത് നടന്ന ദുരന്ത സംഭവം വഴിയാണ് ഈ പ്രദേശം അറിയപ്പെട്ടത്. മഹായുദ്ധ കാലത്തെ ഏറ്റവും വലിയ ജർമ്മൻ നാസി തടങ്കൽ പാളയമായിരുന്നു ഇത്. ഇവിടെനടന്ന കൂട്ടക്കൊലകളെക്കുറിച്ച് പഠിക്കാൻ വർഷത്തിൽ ലക്ഷക്കണക്കിന് പേരാണ് എത്താറ്.
ചെർണോബിൽ: ഇപ്പോൾ യുക്രെയിനിലുള്ള ഈ പ്രദേശം നിലവിൽ വളരെയധികം പ്രശസ്‌തമായത് 1986ലെ ദുരന്തത്തോടെയാണ്. 1986ൽ യുഎസ്‌എസ്‌ആറിൽ ഉൾപ്പെട്ടിരുന്നപ്പോൾ ഉണ്ടായ ആണവദുരന്തമുണ്ടായ സ്ഥലം കാണാൻ ഇപ്പോഴും നിരവധി ആളുകൾ എത്തുന്നു.
പോംപെ: പഴയ റോമാ സാമ്രാജ്യം നിലനിന്നിരുന്ന സമയത്തുണ്ടായ മഹാ ദുരന്തമാണ് പോംപെയെ കുപ്രസിദ്ധമാക്കിയത്. എഡി 79ൽ വൈസൂവിയസ് അഗ്നിപർവതം ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിച്ച് നിരവധി പേരാണ് മരിച്ചത്. 20000നും 25000നുമിടയിൽ ജനം അന്ന് ഇവിടെ താമസിച്ചിരുന്നു. മരണമടഞ്ഞവർ അഗ്നിപർവത ചാരം മൂടി ഉറഞ്ഞുപോയ നിലയിൽ വർഷങ്ങൾക്ക് ശേഷം കണ്ടെത്തുകയായിരുന്നു. നാല് മുതൽ ആറ് അടിവരെ ചാരം ഇവരെ മൂടിപ്പോയിരുന്നു. കോടിക്കണക്കിന് പേരാണ് വർഷം തോറും
പോംപെ സന്ദർശിക്കാറ്. യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുണ്ട് പോംപെ.
ചരിത്രത്തിൽ താൽപര്യമുള്ളവർക്ക് ഡാർക് ടൂറിസം പഠനോപാധി ആണെങ്കിലും വയനാട്ടിൽ ഇന്നത്തെ സാഹചര്യത്തിൽ കാഴ്‌ചകാണാൻ പോകുന്നത് എതിർക്കപ്പെടേണ്ടത് തന്നെയാണ്. ദുരിതബാധിതർക്ക് അവശ്യം വേണ്ട സേവനങ്ങൾ വൈകാനും അതുവഴി കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാനുമാണ് ഇത്തരക്കാരുടെ പ്രവർത്തി വഴിവയ്‌ക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |