കൽപ്പറ്റ: വയനാട് മുണ്ടക്കെെയിലുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേജർ ജനറൽ വി ടി മാത്യു മടങ്ങി. മേജർ ജനറലിന് സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ യാത്രയയപ്പ് നൽകി. ബംഗളൂരുവിലുള്ള കേരള - കർണാടക ഹെഡ് ക്വാർട്ടേഴ്സിൽ ഇരുന്ന് ഇനി ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും അദ്ദേഹം നീരിക്ഷിക്കും.
നൂറുകണക്കിന് ആളുകൾക്ക് രക്ഷനേടാൻ വഴി തുറന്നശേഷമാണ് മേജറിന്റെ മടക്കം. പ്രതികൂല കാലാവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ട് കൂടി കൂടുതൽ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് വി ടി മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ വീണ്ടും വയനാട് എത്തുമെന്നും മേജർ ജനറൽ കൂട്ടിച്ചേർത്തു.
ചൂരൽമല, മുണ്ടക്കെെ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും എൻഡിആർഎഫും വിവിധ സേനാ വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ജൂലായ് 30ന് ഉച്ചയ്ക്കാണ് ഇന്ത്യൻ കരസേന സ്ഥലത്തെത്തുന്നത്. ജൂലായ് 31 നാണ് കേരള - കർണാടക ജിഒസി (ജനറൽ ഓഫീസർ കമാൻഡിംഗ്) മേജർ ജനറൽ വി ടി മാത്യു സ്ഥലത്തെത്തി രക്ഷാദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.
500 ഓളം വരുന്ന സേനാംഗങ്ങളിൽ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ ബെയ്‌ലി പാലം നിർമിക്കുന്നതിൽ അതിവിദഗ്ദ്ധരായ സെെനികരും ഉൾപ്പെട്ടിരുന്നു. അന്നുമുതൽ രക്ഷാപ്രവർത്തനത്തിന് മുൻപിൽ ഉണ്ടായിരുന്നത് മലയാളിയായ മേജർ ജനറൽ വി ടി മാത്യുവും സംഘവുമാണ്. ഏകദേശം 500 പേരെയാണ് രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സെെനികർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |