ന്യൂഡൽഹി : മദ്യനയക്കേസുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ നടപടി ശരി വച്ച് ഡൽഹി ഹൈക്കോടതി. ന്യായമായ കാരണങ്ങളില്ലാതെയാണ് അറസ്റ്റെന്ന കേജ്‌രിവാളിന്റെ വാദം ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ അംഗീകരിച്ചില്ല.
അറസ്റ്റ് രേഖപ്പെടുത്താൻ മതിയായ കാരണങ്ങൾ സി.ബി.ഐക്ക് മുന്നിലുണ്ടായിരുന്നു. നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. കേജ്‌രിവാളിന്റെ ജാമ്യാവശ്യത്തിൽ ഇടപെടാനും തയ്യാറായില്ല. വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. റൗസ് അവന്യു കോടതിയിൽ ജാമ്യാപേക്ഷ നൽകാതെ കേജ്‌രിവാൾ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇ.ഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേയാണ് ജൂൺ 26ന് സി.ബി.ഐ കേജ്‌രിവാളിന്റെ അറസ്റ്ര് രേഖപ്പെടുത്തിയത്. ജയിലിൽ തളച്ചിടാനാണെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ കേജ്‌രിവാളിന് സുപ്രീംകോടതി ജൂലായ് 12ന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജയിൽമോചിതനാകണമെങ്കിൽ സി.ബി.ഐ കേസിലും ജാമ്യം ലഭിക്കണം.
സിസോദിയ : ചോദ്യങ്ങളുമായി
സുപ്രീംകോടതി
മദ്യനയക്കേസിലെ ഇ.ഡി, സി.ബി.ഐ കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷകൾ പരിഗണിച്ചപ്പോൾ ചോദ്യങ്ങളുമായി സുപ്രീംകോടതി. മദ്യനയം കാരണം വ്യാപാരികൾക്ക് കൂടുതൽ ലാഭം കിട്ടാൻ ഇടയാക്കുമെന്നതു കൊണ്ട് സിസോദിയ അഴിമതിക്കുറ്റം നടത്തിയെന്ന് പറയാനാകുമോയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് ചോദിച്ചു. അങ്ങനെ പറയാൻ തുടങ്ങിയാൽ മന്ത്രിസഭകൾക്ക് പ്രവർത്തിക്കാൻ കഴിയുമോയെന്നും ആരാഞ്ഞു. മദ്യവ്യാപാരികൾക്ക് അധികലാഭം തരപ്പെടുത്താൻ സൗകര്യമൊരുക്കിയെന്ന് മാത്രമല്ല സിസോദിയക്ക് എതിരെയുള്ള ആരോപണമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു മറുപടി നൽകി. കോഴയിടപാടിൽ കഴുത്തറ്റം മുങ്ങിനിൽക്കുകയാണ് സിസോദിയ. രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് അറസ്റ്റിലായ നിരപരാധിയല്ല. അഴിമതിയിൽ നേരിട്ട് പങ്കു വ്യക്തമാകുന്ന തെളിവുകളുണ്ടെന്നും ഇ.ഡി അറിയിച്ചു. ജാമ്യാപേക്ഷയിൽ ആഗസ്റ്റ് 12ന് വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |