ന്യൂഡൽഹി: രാജ്യത്തെ പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയിൽ അഭയം തേടിയ ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന വിദേശത്തേയ്ക്ക് പോയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്നും ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ സമയം നൽകിയിരിക്കുകയാണെന്നും ജയ്‌ശങ്കർ അറിയിച്ചു. ബംഗ്ളാദേശിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന സർവകക്ഷി യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ളാദേശ് സൈന്യവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളം വിട്ടെന്ന് നേരത്തെ ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ബംഗ്ലാദേശ് വ്യോമസേനയുടെ സി - 130ജെ വിമാനം രാവിലെ ഒമ്പതിന് ഇവിടെ നിന്ന് പോയതായാണ് റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ ഈ വിമാനത്തിൽ ഹസീന ഉണ്ടായിരുന്നില്ലെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നത്. ഹസീനയ്ക്കൊപ്പം ഇന്ത്യയിലെത്തിയ ഏഴ് സൈനികരാണ് സി - 130ജെ വിമാനത്തിൽ തിരികെ പോയത്.
ബ്രിട്ടണിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്‌ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. രാജിവച്ച ശേഷം സൈനിക വിമാനത്തിൽ രാജ്യംവിട്ട അവർ ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ ആണ് യുപിയിലെ ഗാസിയാബാദ് ഹിൻഡൻ വ്യോമത്താവളത്തിൽ ഇറങ്ങിയത്.
ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിൽ എസ് ജയ്‌ശങ്കർ സാഹചര്യം വിശദീകരിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ചും ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം നേതാക്കളോട് വിശദീകരിച്ചു. എസ് ജയ്‌ശങ്കറിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |