തിരുവനന്തപുരം: ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസവും ടൗൺഷിപ്പും നടപ്പിലാക്കാൻ വിദേശപരിസ്ഥിതി ആർക്കിടെക്ചർമാരെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിരിഞ്ഞുകിട്ടുന്ന ഓരോ പണവും വയനാട്ടിനായി ഉപയോഗിക്കും. പുനരധിവാസത്തിന് എത്രതുക വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടില്ല. എത്രയായാലും അതു കണ്ടെത്തും. സർക്കാർ നേരിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ടൗൺഷിപ്പ് ദുരന്തഭൂമിയിൽ തന്നെ വേണോ, മറ്റേതെങ്കിലും ഇടത്തായിരിക്കുമോ എന്ന് ഉടൻ തീരുമാനിക്കും. ദുരന്തഭൂമിയിലെ വെള്ളാർമല ഗവ. സ്കൂൾ അതേപേരിൽ പുനർനിർമ്മിക്കും. വീടുകളെല്ലാം പുതുതായി നിർമ്മിക്കും.
ഗുരുതര കേടുപാടുകൾ സംഭവിച്ച, തകർന്നുവീഴാൻ സാദ്ധ്യതയുള്ള കെട്ടിടങ്ങൾ ദുരന്തനിവാരണനിയമ പ്രകാരം പൊളിച്ചുമാറ്റും. നഷ്ടപരിഹാരം പൊതുമരാമത്ത് വകുപ്പ് കണക്കാക്കും. ദുരന്ത നിവാരണ അതോറിട്ടി 'ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തൽ" നടത്തും.
180തൊഴിൽ ദിനങ്ങൾ
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച 10,11,12 വാർഡുകളെ ദുരന്തബാധിതപ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. ദുരന്തഭൂമിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിന്റെ (ഐ.എം.സി.ടി) സന്ദർശനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റിലീഫ് കമ്മിഷണറെ ചുമതലപ്പെടുത്തി.
സാലറി ചലഞ്ച്
സർക്കാർ ജീവനക്കാരും പൊതുമേഖലാസ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ, കോളേജുകളിലും ജോലി ചെയ്യുന്നവരും അഞ്ചു ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ് ധാരണ. അതിൽ കൂടുതലും നൽകാം. അഞ്ചു ദിവസത്തേത് ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽനിന്ന് നൽകാം. തവണകളായി നൽകുന്നവർ അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെയും ശമ്പളം നൽകണം.സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്പാർക്ക് മുഖേന തുടർനടപടികൾ സ്വീകരിക്കും.
ഓണപ്പരീക്ഷ മാറ്റി
സെപ്തംബർ 2 മുതൽ 12വരെ നടക്കേണ്ട ഒന്നാംപാദ പരീക്ഷ വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളിൽ മാറ്റിവച്ചു. അവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവയ്ക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.
ദുരന്തമേഖലയിൽ സൗജന്യവൈദ്യുതി
തിരുവനന്തപുരം: പ്രകൃതിദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ 10,11,12വാർഡുകളിൽ അടുത്ത ആറുമാസത്തേക്ക് സൗജന്യവൈദ്യുതി നൽകാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദ്ദേശിച്ചു. ഇവിടങ്ങളിൽ വൈദ്യുതി കുടിശികയുളളവരിൽ നിന്ന് ഈടാക്കാനുള്ള നടപടി നിറുത്തിവയ്ക്കും. ചൂരൽമലഎക്സ്ചേഞ്ച്,ചൂരൽമലടവർ,മുണ്ടക്കൈ,കെ.കെ.നായർ,അംബേദ്കർ കോളനി,അട്ടമല,അട്ടമലപമ്പ് തുടങ്ങി കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന ഉപഭോക്താക്കൾക്കാണ് ആനുകൂല്യം. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിൽ 385 ഓളം വീടുകൾ പൂർണമായും തകർന്നുപോയിട്ടുള്ളതായി കെ. എസ്. ഇ. ബി കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |