മേപ്പാടി: പുഞ്ചിരിമട്ടത്ത് നാശനഷ്ടങ്ങളും തെരച്ചിൽ പുരോഗതിയിയും വിലയിരുത്താനെത്തിയപ്പോഴാണ് റവന്യൂ മന്ത്രി കെ. രാജൻ കാട്ടിൽ താമസിക്കാനിഷ്ടപ്പെടുന്ന പണിയ വിഭാഗത്തിൽപ്പെട്ട ചേനനെ കാണുന്നത്. ജൂലായ് 30 ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിദമായ അവസ്ഥ ചേനൻ മന്ത്രിയെ ധരിപ്പിച്ചു. ശ്രദ്ധിച്ച് കേട്ട മന്ത്രി ചേനനുമായി കുശലാന്വേഷണം നടത്തി സൗഹൃദം സ്ഥാപിച്ചു.
മലമുകളിൽ താമസിക്കുന്നതിന്റെ അപകടാവസ്ഥ മന്ത്രി ചേനനെ ബോദ്ധ്യപ്പെടുത്തി. തേൻ ശേഖരിച്ച് വിൽക്കലാണ് ജോലിയെന്ന് പറഞ്ഞ ചേനനോട് തേനുണ്ടെങ്കിൽ വാങ്ങാമെന്ന് മന്ത്രി. ഉടൻ ചേനൻ തേനുമായി എത്തി. പണം നൽകി തേൻ വാങ്ങിയ മന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറ്റണമെന്നും വേണ്ട സൗകര്യം ചെയ്ത് തരാമെന്നും ഉറപ്പ് നൽകി. ഇതോടെ ഭാര്യ ചെണ്ണയുമായി കാടിറങ്ങാമെന്ന് ചേനൻ. അങ്ങനെയെങ്കിൽ മുഴുവൻ തേനും വാങ്ങാമെന്ന് മന്ത്രിയുടെ ഓഫർ. കൂടെ ഉണ്ടായിരുന്ന വനം മന്ത്രി എ.കെ ശശീന്ദ്രനും സ്നേഹപൂർവ്വം നിർബന്ധിച്ചതോടെ കാടിറങ്ങാമെന്ന് ചേനൻ സമ്മതിച്ചു. വയനാട് സൗത്ത് ഡി.എഫ്.ഒ. കെ. അജിത്തും സാക്ഷിയായി.ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രജനികാന്ത്, എസ്.ടി പ്രൊമോട്ടർ രാഹുൽ, അക്രെഡിറ്റഡ് എഞ്ചിനീയർ അഭിഷേക് എന്നിവരെ ചേനന്റേയും കുടുംബത്തിന്റേയും കാര്യങ്ങൾക്കായി ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |