തിരുവനന്തപുരം:വയനാട് ദുരന്തമുഖത്തു നിന്ന് ശാസ്ത്രജ്ഞരെ ഒഴിവാക്കി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ നേരത്തെ ഇറക്കിയ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ, സ്റ്റേറ്റ് ഇൻസിഡന്റ് ഡെപ്യൂട്ടി കമാൻഡറായി ചരക്കു സേവന നികുതി വകുപ്പ് കമ്മീഷണറെ നിയമിച്ചതും വിവാദത്തിൽ. ഉത്തരവ് ദുരന്ത നിവാരണ ചട്ടത്തിന്റെ ലംഘനമെന്നാണ് ആരോപണം. മന്ത്രി കെ.രാജൻ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.
കാണാതായവരെ തെരയൽ, രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ നടപടിക്രമങ്ങളുടെ ഉത്തരവിലാണ് ജി.എസ്.ടി കമ്മീഷണറുടെ നിയമനവും.
ദുരന്ത നിവാരണച്ചട്ടങ്ങളുള്ള ഓറഞ്ച് ബുക്കിലോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലോ (എസ്ഒപി) ജി.എസ്ടി കമ്മീഷണറെ ഇൻസിഡന്റ് കമാൻഡറായി നിയമിക്കാൻ നിർദേശിക്കുന്നില്ല. ഇതിനു വിരുദ്ധമായാണ് നടപടിയെന്നാണ് ആരോപണം. ദുരന്ത നിവാരണത്തിൽ സാമ്പത്തിക ഘടകം ഒഴികെ ജിഎസ്ടി കമ്മീഷണർക്ക് റോളില്ല.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മറ്റു സെക്രട്ടറിമാർ അടങ്ങുന്ന സമിതി ജിഎസ്ടി കമ്മീഷണർക്ക് പിന്തുണ നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
വയനാട് ദുരിതാശ്വാസത്തിന്റം മേൽനോട്ടം മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെട്ട സമിതിക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |