തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിലെയും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും
ഉപ തിരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള പ്രാഥമിക ഒരുക്കങ്ങളിലേക്ക് മുന്നണികൾ.
വയനാടും, പാലക്കാടും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തരംഗം മുതലെടുത്ത് ചേലക്കര കൂടി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാവും പാർട്ടി മെനയുക. ബി.ജെ.പിക്ക് വലിയ പ്രതീക്ഷയുള്ള പാലക്കാട് ഇക്കുറി പിടിക്കണമെന്ന വാശിയോടെയാണ് അവർ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്. യു.ഡി.എഫിന് വേണ്ടി പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാവുന്ന വയനാട് ലോക്‌സഭാമണ്ഡലത്തിന്റെ ചുമതല എ.ഐ.സി.സി നേരിട്ടാണ് വഹിക്കുന്നത്. പാലക്കാട് നിയോജക മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുർ മുത്തലിബ്, വി.ബാബുരാജ് എന്നിവർക്ക് നൽകിയപ്പോൾ ചേലക്കരയുടെ ചുമതല കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർക്കാണ്. വയനാട് മണ്ഡലത്തിന്റെ ചുമതല സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനാണ് ബി.ജെ.പി നൽകിയിട്ടുള്ളത്. ചേലക്കരയിൽ തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷിനും പാലക്കാട്ട് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി. രഘുനാഥിനുമാണ് ചുമതല.
സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ചുമതല നൽകിയാവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എകോപിപ്പിക്കുക. സിറ്റിംഗ് സീറ്റായ ചേലക്കരയ്ക്ക് പുറമേ പാലക്കാട് കൂടി പിടിച്ചെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടി മറി കടക്കാനാണ് പാർട്ടി നീക്കം. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ച വയനാട്ടിൽ കരുത്തുറ്റ സ്ഥാനാർത്ഥിയെ സി.പി.ഐ നിറുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |