തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന തെങ്ങുവിളാകത്ത് വീട്ടിൽ പ്രീതയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രീതയുടെ മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്‌നങ്ങളെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. അനിൽ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റികകൊണ്ട് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പ്രീതയുടെ ഭർത്താവ് കെഎസ്‌ആർടിസി ജീവനക്കാരൻ ബാബു പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അനിൽ കുമാറിനെതിരെ പൊലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു.
വീട്ടമ്മയ്ക്കും മകനും കുത്തേറ്റ സംഭവം: ഭർത്താവ് അറസ്റ്റിൽ
പോങ്ങുംമൂട്ടിൽ ഇന്നലെ അർദ്ധരാത്രി ഇൻഫോസിസിലെ സോഫ്റ്റ്‌വെയർ എൻജിനിയറായ അമ്മയ്ക്കും മകനും കുത്തേറ്റ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പോങ്ങുംമൂട് ബാപ്പുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചന (39), മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ഉണ്ണികൃഷ്ണൻ നമ്പീശനാണ് (44) കുത്തിയത്.
കുടുംബ പ്രശ്നമാണ് കാരണമെന്ന് സംശയിക്കുന്നതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. വീട്ടിലെ ഹാളിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഉമേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കുട്ടിയെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും വയറിനാണ് പരിക്ക്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇരുവരും അപകടനില തരണം ചെയ്തതായി ശ്രീകാര്യം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |