പത്തനംതിട്ട : ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കുറിലോസ് പരാതി നൽകി. 15,01186 രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ മുൻമെത്രാപ്പൊലീത്തയ്ക്ക് നഷ്ടപ്പെട്ടത്.
സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് മുംബയ് സ്വദേശി നരേഷ് ഗോയൽ എന്നയാളാണ് കുറിലോസിനെ ഫോണിൽ ബന്ധപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂറിലോസിന്റെ പേരും ഉണ്ടെന്ന് ഈ മാസം 2ന് വീഡിയോ കാൾ വഴിയാണ് അറിയിച്ചത്. ചില രേഖകൾ കാട്ടി വിചാരണ നടത്തുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കാൻ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങി. തുടർന്ന് അക്കൗണ്ടിൽ നിന്ന് രണ്ട് ദിവസങ്ങളിലായി പണം തട്ടിയെടുക്കുകയായിരുന്നു. ഗീവർഗീസ് മാർ കുറിലോസ് കീഴ്വായ്പൂര് പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് സൈബർ ടീം അക്കൗണ്ട് മരവിപ്പിച്ചു. സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |