ഇനി വെങ്കലത്തിനായി മത്സരിക്കും
പാരീസ് : പുരുഷ ഗുസ്തി താരം അമൻ ഷെറാവത്ത് 57 കിലോഗ്രാം പുരുഷന്മാരുടെ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ സെമിയിൽ തോറ്റു. ജപ്പാന്റെ ഹിഗുച്ചി റേയ്‌യാണ് അമാനെ 10-0ത്തിന് കീഴടക്കിയത്. ഇനി ഇന്ന് വെങ്കലത്തിനായി പ്യൂർട്ടോ റിക്കോയുടെ ടോയ് ക്രൂസിനോട് മത്സരിക്കാനിറങ്ങും.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നോർത്ത് മാസിഡോണിയയുടെ വ്ളാദിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് അമൻ ക്വാർട്ടറിലേക്ക് കടന്നത്. ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ അൽബേനിയക്കാരൻ സലിംഖാൻ അബാക്കറോവിനെ 12-0ത്തിന് തകർത്ത് സെമിയിലേക്ക് കടന്നു.
ഇഗാറോവിനെതിരായ മത്സരത്തിന്റെ ആദ്യ പീരിയഡിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച അമൻ വിജയം ഉറപ്പിച്ചിരുന്നു.ആറ് പോയിന്റുകളാണ് ആദ്യ പീരിയഡിൽ അമൻ നേടിയത്. രണ്ടാം പീരിയഡിലും ഇന്ത്യൻ താരം ഇതേ മികവ് പുറത്തെടുത്തപ്പോൾ മാസിഡോണിയൻ താരത്തിന് പിടിച്ചുനിൽക്കാൻ കഴിയാതെയായി. ക്വാർട്ടറിൽ എതിരാളിയായെത്തിയ സലിംഖാൻ 2022ലെ ലോക ചാമ്പ്യനായിരുന്നെങ്കിലും ആദ്യ മത്സരത്തിലേതിനേക്കാൾ ഈസിയായാണ് അമൻ മുന്നേറിയത്. ആദ്യ പീരിയഡിൽ മൂന്ന് പോയിന്റാണ് അമന് കിട്ടിയത്. എന്നാൽ രണ്ടാം പീരിയഡിൽ പിടിമുറിയ അമൻ തുരുതുരാ പോയിന്റുകൾ നേടി. ഒൻപത് പോയിന്റുകൾ രണ്ടാം പീരിയഡിലും അമന്റെ അക്കൗണ്ടിലെത്തിയതോടെ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |