ന്യൂഡൽഹി: സൈബർ തട്ടിപ്പ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സിബിഐ. ഏജൻസിയുടെ പേര്, ലോഗോ എന്നിവയടക്കം ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിൽ പൊതുജനങ്ങൾ വീഴരുത്. വാറന്റും സമൻസും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു.
താൻ ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയായതായി യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിവിദഗ്ദ്ധമായാണ് 15 ലക്ഷത്തിലധികം രൂപ സംഘം തട്ടിയെടുത്തത്. മുംബയിലെ കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ട ഒരു ബാങ്ക് അക്കൗണ്ട് കൂറിലോസിന്റേതാണ് എന്ന് പറഞ്ഞാണ് ആദ്യം വീഡിയോ കോൾ വന്നത്. മുംബയ് സൈബർ വിഭാഗത്തിൽ നിന്നാണെന്ന് അവർ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറിയെന്നും അവർ വിശ്വസിപ്പിച്ചു.
ഒരു തട്ടിപ്പുമായും ബന്ധമില്ലെന്ന് അറിയിച്ചതോടെ നിപരാധിത്ത്വം തെളിയിക്കാൻ നിയമപരമായ വഴികളുണ്ടെന്ന് തട്ടിപ്പുകാർ പറഞ്ഞു. തുടർന്ന് സുപ്രീം കോടതിയുടെ വ്യാജ രേഖകൾ വരെ തയ്യാറാക്കി അവർ അയച്ചുകൊടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ കൂറിലോസ് വെർച്വൽ കസ്റ്റഡിയിലാണെന്നും വിശ്വസിപ്പിച്ചു. രണ്ട് ദിവസം അദ്ദേഹം തട്ടിപ്പ് സംഘത്തിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. ഒടുവിൽ ബാങ്കിൽ നേരിട്ട് പോയും മറ്റൊരു പുരോഹിതൻ വഴിയും 15,01,186 രൂപ തട്ടിപ്പുകാർ നിർദേശിച്ച അക്കൗണ്ടിലേക്ക് നൽകി.
പണമെല്ലാം തട്ടിയെടുത്ത ശേഷം സിബിഐ ഉദ്യോഗസ്ഥനെന്ന പേരിൽ ഒരാൾ വാട്‌സാപ്പിൽ വിളിച്ചു. നിരപരാധിയെന്ന് കോടതി വഴി തെളിയിച്ചതിന് ഒരു ലക്ഷം രൂപ സമ്മാനമായി തന്നുകൂടേ എന്നായിരുന്നു ചോദ്യം. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. അക്കൗണ്ടിലുണ്ടായിരുന്ന വിരമിക്കൽ ആനുകൂല്യമായി കിട്ടിയ പണമാണ് സംഘം കൈക്കലാക്കിയതെന്ന് കൂറിലോസ് പറഞ്ഞു. കീഴ്‌വായ്‌പൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതികളെ കണ്ടെത്താൻ സൈബർ വിഭാഗം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |