പാരീസ് ഒളിമ്പിക്സ് കൊടിയിറങ്ങുമ്പോൾ കായിക ആരാധകരുടെ മനസിൽ അവശേഷിക്കുന്നത് ചില വൈറൽ ചിത്രങ്ങളാണ്. ഈ ഒളിമ്പിക്സിൽ ചർച്ചയായ ചില ചിത്രങ്ങളെക്കുറിച്ച്
മിസ്റ്റർ കൂൾ...യൂസഫ്
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഷൂട്ടിംഗിൽ തുർക്കിക്ക് വേണ്ടി വെള്ളിമെഡൽ നേടിയ യൂസഫ് ഡികെച്ചാണ് ഈ ഒളിമ്പിക്സിലെ വൈറൽ താരം. ഏകാഗ്രത കിട്ടാനായി പ്രത്യേക ഉപകരണങ്ങളുമായി താരങ്ങൾ അതീവ ഗൗരവം പുലർത്തുന്ന ഷൂട്ടിംഗ് മത്സരവേദിയിൽ വിനോദയാത്രയ്ക്കെന്നപോലെ കൂളായി വന്ന് വെടിയും വച്ച് മെഡലുമായി പോവുകയായിരുന്നു 51കാരനായ യൂസഫ്. ഷൂട്ടിംഗ് താരങ്ങൾ സാധാരണ ഗതിയിൽ ഹെഡ് ഫോണും ചെവി മൂടുന്ന മറ്റ് ഉപകരണങ്ങളും ധരിക്കാറുണ്ട്. ഉന്നം കിട്ടാനായി ഒരു കണ്ണ് മറച്ചുപിടിക്കാനും ഉപകരണങ്ങളുണ്ട്. ചിലർ പ്രത്യേക ലെൻസുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ ടീഷർട്ടണിഞ്ഞ്ഒ രു കൈ പോക്കറ്റിലിട്ട് ഒരു സമ്മർദ്ദവുമില്ലാതെ നിന്ന് വെടിവെയ്ക്കുന്നതാണ് യൂസഫിനെ വ്യത്യസ്തനാക്കിയത്. യൂസഫിന്റെ ആക്ഷൻ പിന്നീട് പോൾവാട്ട് സ്വർണം നേടിയ ഡുപ്ളാന്റിസ് അടക്കമുള്ള താരങ്ങൾ അനുകരിച്ചതും വൈറലായിരുന്നു.
ഞാനും പെണ്ണൊരുത്തി...
സ്ത്രീയോ പുരുഷനോ എന്ന് തർക്കമുയർന്ന അൾജീരിയൻ വനിതാ ബോക്സർ ഇമാനെ ഖലീഫിന് ആദ്യ മത്സരത്തിൽ കൈകൊടുക്കാൻ നിൽക്കാതെ ഇറ്റാലിയൻ താരം പ്രതിഷേധിച്ചതും വൈറലായി. 40 സെക്കൻഡിനകമാണ് ഇറ്റാലിയൻ താരം ഇടിയേറ്റ് തോറ്റത്. പിന്നീട് ഇവർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിലും അല്ലാതെയും തന്നെച്ചൊല്ലി ഏറെ വാദപ്രതിവാദങ്ങൾ നടക്കുന്നത് അവഗണിച്ച് മത്സരത്തിൽ പങ്കെടുത്ത ഇമാനെ ഒടുവിൽ സ്വർണം നേടിയ ശേഷം പറഞ്ഞത് എല്ലാ സ്ത്രീകളെയും പോലെ താനുമൊരു സ്ത്രീയാണെന്നാണ്. ലിംഗവിവാദത്തിൽപെട്ട തായ്‌വാൻ ബോക്സർ ലി യുവാൻ ടിംഗും പാരീസിൽ സ്വർണം നേടി.
പറക്കും സിമോൺ
അമേരിക്കൻ വനിതാ ജിംനാസ്റ്റ് സിമോൺ ബൈൽസ് ആർട്ടിസ്റ്റിക് ടീം ഫൈനലിനിടെ അന്തരീക്ഷത്തിലൂടെ പറക്കുന്ന രീതിയിൽ പകർത്തിയ ചിത്രവും വൈറലായി. ടോക്യോയിൽ മാനസിക സമ്മർദ്ദം കാരണം മത്സരങ്ങളിൽ നിന്ന് പിന്മാറിയ സിമോണിന്റെ തിരിച്ചുവരവാണ് പാരീസിൽ കണ്ടത്. മൂന്ന് സ്വർണമെഡലുകളാണ് സിമോൺ പാരീസിൽ സ്വന്തമാക്കിയത്.
ഗബ്രിയേലിന്റെ ആരോഹണം
ബ്രസീലിയൻ സർഫിംഗ് താരം ഗബ്രിയേൽ മെദീന ഹീറ്റ്സിൽ വിജയിച്ചശേഷം കടലിലെ തിരകൾക്ക് മേൽ ഉയർന്നുചാടി കൈവിരൽ മുകളിലേക്ക് ചൂണ്ടി നിൽക്കുന്ന ഫോട്ടോ ഇറ്റാലിയൻ ചിത്രകാരനായ ഗരോഫാളോ വരച്ച ചിത്രത്തിന് സമാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |