കൊൽക്കത്ത: ബംഗാളിൽ പി.ജി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ,സി.ബി.ഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പൊലീസിന് ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മമത അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റുമെന്നും വ്യക്തമാക്കി.
അതേസമയം,വനിതാഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടു. തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. രാജ്യത്ത് വിവിധ നഗരങ്ങളിലും ഡോക്ടർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി, മുംബയ്, കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടർമാരാണ് അടിയന്തര ചികിത്സയൊഴികെ മറ്റെല്ലാ സേവനങ്ങളും നിറുത്തിവച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
വെള്ളിയാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിലെ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളിൽ അർദ്ധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ ക്രൂരകൃത്യം നടത്തിയ, പൊലീസിന്റെ സിവിക് വൊളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
രാജിവച്ച്
പ്രിൻസിപ്പൽ
ആർ.ജി. കർ മെഡി.കോളേജ് സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെ തത്‌സ്ഥാനത്തുനിന്ന് നീക്കി. ഞായറാഴ്ചയാണ് സൂപ്രണ്ടിനെതിരെ നടപടിയുണ്ടായത്. ഇതിനുപിന്നാലെ ഇന്നലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് തത്‌സ്ഥാനത്തുനിന്ന് രാജിവച്ചു. ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും സമരത്തെ തുടർന്നാണ് രാജി.
തെളിവ് നശിപ്പിക്കാൻ ശ്രമം
കൊലപാതക ശേഷം പ്രതി സഞ്ജയ് റോയ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കൃത്യം നടത്തിയശേഷം രാവിലെ വീട്ടിൽ പോയി ഉറങ്ങി. എഴുന്നേറ്റശേഷം കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി. എന്നാൽ,പ്രതി ധരിച്ചിരുന്ന ഷൂവിൽ രക്തക്കറ അവശേഷിച്ചിരുന്നു. വീട്ടിൽ നടത്തിയ തെരച്ചിലിൽ ഈ ഷൂ കണ്ടെടുത്തതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, നിലവിൽ സഞ്ജയ് അല്ലാതെ മറ്റാർക്കും കൃത്യത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതി കൊലപാതകത്തിന് ശേഷമാണോ പീഡനം നടത്തിയന്ന സംശയവും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് ലഭിക്കാനുണ്ട്. അതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |