ന്യൂഡൽഹി: ഡൽഹി ചലോ പ്രക്ഷോഭത്തിനായി ട്രാക്‌ടറുകളിൽ പുറപ്പെട്ട കർഷകരെ തടയാൻ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു ബോർഡറിൽ നിരത്തിയ ബാരിക്കേഡുകൾ ഘട്ടംഘട്ടമായി നീക്കണമെന്ന് സുപ്രീംകോടതി. ഫെബ്രുവരി മുതൽ കർഷകർ അതിർത്തിയിൽ തുടരുകയാണ്. ഒരാഴ്ച്ചയ്‌ക്കകം പഞ്ചാബ്-ഹരിയാന പൊലീസ് ഉദ്യോഗസ്ഥരും,കേന്ദ്രസേനയുടെ അധികൃതരും യോഗം ചേർന്ന് ബാരിക്കേഡുകൾ നീക്കുന്നതിൽ പദ്ധതി തയ്യാറാക്കണം. നടപടിയെടുക്കാൻ കോടതിയുടെ പ്രത്യേക ഉത്തരവിനായി കാത്തുനിൽക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും,ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ശംഭു ബോർഡർ തുറന്നുകൊടുക്കാനുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പ്രക്ഷോഭത്തിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് യുവ കർഷകനായ ശുഭ്കരൺ സിംഗ് പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി ബോർഡറിൽ കൊല്ലപ്പെട്ടിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ഹരിയാന ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. 22ന് വിഷയം വീണ്ടും പരിഗണിക്കും.
ദേശീയപാത പാർക്കിംഗ് മേഖലയല്ല
ദേശീയപാത പാർക്കിംഗ് മേഖലയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ട്രാക്‌ടറുകൾ റോഡിൽ നിന്ന് നീക്കാൻ പഞ്ചാബ് സർക്കാർ കർഷകരെ അനുനയിപ്പിക്കണം. ഭാഗികമായെങ്കിലും ദേശീയപാത തുറക്കേണ്ടത് ആംബുലൻസുകൾക്കും,അവശ്യസർവീസുകൾക്കും ഉൾപ്പെടെ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാനങ്ങൾക്ക് അഭിനന്ദനം
കാർഷികവിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കി നിയമനിർമ്മാണം തുടങ്ങി കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേട്ട് പരിഹാരമുണ്ടാക്കാൻ സ്വതന്ത്ര സമിതി രൂപീകരിക്കുമെന്ന് സുപ്രീകോടതി ജൂലായിൽ വ്യക്തമാക്കിയിരുന്നു. സമിതി അംഗങ്ങളായി നിയമിക്കേണ്ടവരുടെ പേരുകൾ കൈമാറാൻ പഞ്ചാബ്-ഹരിയാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. രാഷ്ട്രീയചായ്‌വില്ലാത്തവരുടെ പേരുകൾ കൈമാറിയ പഞ്ചാബ്-ഹരിയാന സർക്കാരുകളെ കോടതി ഇന്നലെ അഭിനന്ദിച്ചു. സമിതി രൂപീകരണത്തിൽ വിശദമായ ഉത്തരവിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |