അഹമ്മദാബാദ്: വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന ജീവനക്കാർക്ക് ടിക്കറ്റ് നിരക്കിന് ചെലവായ തുക നൽകുമെന്ന് ഗുജറാത്ത് സർക്കാർ. ലീവ് ട്രാവൽ കൺസെഷനിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ജീവനക്കാർക്ക് യാത്രയ്ക്ക് ചെലവായ തുക നൽകുന്നത്. ജീവനക്കാരുടെ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഈ തീരുമാനം എടുത്തത്. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കി.
ഗുജറാത്തിൽ നിലവിൽ അഞ്ച് ലക്ഷം സർക്കാർ ജീവനക്കാർക്കാണ് ലീവ് ട്രാവൽ കൺസെഷൻ ലഭിക്കുന്നത്. നാല് വർഷത്തിൽ 6000 കിലോ മീറ്റർ യാത്ര ചെയ്യാൻ സാധിക്കും. ഇന്ത്യൻ റെയിൽവെ അടുത്തിടെ പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളോട് കൂടി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും ട്രാവൽ കൺസെഷനിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
ട്രാവൽ കൺസെഷൻ പദ്ധതി പ്രകാരം വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര അനുവദിക്കണമെന്ന് ജീവനക്കാർ സംസ്ഥാന സർക്കാരിന് മുന്നിൽ നിവേദനം നൽകിയിരുന്നു. ധനകാര്യ വകുപ്പ് ഇക്കാര്യത്തിൽ സർക്കാർ പ്രമേയം പുറപ്പെടുവിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |