എല്ലാ കണ്ണുകളും അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയിൽ
പവൻ വില 760 രൂപ ഉയർന്ന് 52,520 രൂപയിൽ
കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ സ്വർണ വില കുതിച്ചുയരുന്നു. ബഡ്‌ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ വില തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 760 രൂപ വർദ്ധിച്ച് 52,520 രൂപയിലെത്തി. ഗ്രാമിന് വില 95 രൂപ ഉയർന്ന് 6,565 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,480 ഡോളറിനടുത്താണ്.
ഇന്ന് പുറത്തുവരുന്ന അമേരിക്കയിലെ ഉപഭോക്തൃ വില സൂചികയാണ് സ്വർണ വിപണി കാത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്താനുള്ള തീരുമാനം എടുക്കുന്നത്. ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷം നിയന്ത്രണാധീനമായാൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങും.
കഴിഞ്ഞ മാസം ബഡ്‌ജറ്റിൽ കസ്‌റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ വില പവന് ഒരവസരത്തിൽ 50,400 രൂപ വരെ താഴ്‌ന്നിരുന്നു. ഇതിനു ശേഷം ഇതുവരെ പവൻ വിലയിൽ 2,120 രൂപയുടെ വർദ്ധനയുണ്ടായി.
ഓഹരികൾ വില്പന സമ്മർദ്ദത്തിൽ
കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല വാർത്തകളും വ്യാവസായിക മേഖലയിലെ തളർച്ചയും കണക്കിലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വില്പന സമ്മർദ്ദം ശക്തമായി. ആഗോള സൂചികയിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വെയ്‌റ്റേജ് രണ്ടു ഘട്ടങ്ങളായി ഉയർത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും ബാങ്കിന്റെ ഓഹരികളിൽ ഇന്നലെ കനത്ത ഇടിവുണ്ടായി. ബാങ്കിംഗ്, ധനകാര്യ, ലോഹ, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലെ ഇടിവിന് നേതൃത്വം നൽകിയത്. ബോംബെ ഓഹരി സൂചിക സെൻസെക്‌സ് 692.89 പോയിന്റ് നഷ്ടത്തോടെ 78,956.03ൽ അവസാനിച്ചു. നിഫ്റ്റി 208 പോയിന്റ് താഴ്ന്ന് 24,139ൽ എത്തി. എസ്.ബി.ഐ, ടാറ്റ മോട്ടോഴ്‌സ്, ബി.പി.സി.എൽ, ശ്രീറാം ഫിനാൻസ്, എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്, ഒ.എൻ.ജി.സി തുടങ്ങിയവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ചെറുകിട, ഇടത്തരം ഓഹരികളും കനത്ത നഷ്‌വം നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവാങ്ങിയതും വിപണിക്ക് തിരിച്ചടിയായി.
വെല്ലുവിളിയായി എണ്ണ വില
ഇസ്രയേലും ഹമാസുമായുള്ള രാഷ്ട്രീയ സംഘർഷം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഉയർത്തുന്നു. ജൂണിൽ അഞ്ച് വർഷത്തെ കുറഞ്ഞ നിരക്കിലേക്ക് താഴ്ന്ന നാണയപ്പെരുപ്പം എണ്ണ വില ബാരലിന് 90 ഡോളറിന് മുകളിലെത്തിയാൽ വീണ്ടും കൂടാനിടയുണ്ട്. ഇതോടെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം വൈകുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും എണ്ണ വില മുകളിലേക്കാണ് നീങ്ങിയത്. നിലവിൽ എണ്ണ വില ബാരലിന് 77 ഡോളറിന് മുകളിലാണ്.
റിസർവ് ബാങ്ക് പിന്തുണയിൽ നിലയുറപ്പിച്ച് രൂപ
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്തു നേടുന്നതിനിടെയിലും റിസർവ് ബാങ്ക് ശക്തമായ പിന്തുണ നൽകിയതോടെ രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ചു. ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ പിന്മാറിയതോടെ രൂപ സമ്മർദ്ദം നേരിട്ടുവെങ്കിലും ബാങ്കുകൾ വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെ മൂല്യം 83.97 വ്യാപാരം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |