കൊച്ചി: ആലുവ അദ്വൈതാശ്രമ വളപ്പിലേക്ക് മാലിന്യം കോരിയിട്ടതുമായി ബന്ധപ്പെട്ട് വാർത്ത പ്രസിദ്ധീകരിച്ചതിന് കേരളകൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും അനാവശ്യ അപകീർത്തി കേസുകളുമായി മാദ്ധ്യമങ്ങൾക്കെതിരെ നീങ്ങുന്നവർക്കുള്ള ശക്തമായ താക്കീതുമായി.
തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആലുവ നഗരസഭാ കൗൺസിലർ കെ.വി. സരള നാല് ദിനപത്രങ്ങൾക്കെതിരെ നൽകിയ പരാതിയും ആലുവ ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലെ തുടർനടപടികളും റദ്ദാക്കാനായി മലയാള മനോരമ നൽകിയ ഹർജിയിലെ ഉത്തരവിലാണ് ഹൈക്കോടതി ദീർഘവീക്ഷണമുള്ള നിരീക്ഷണങ്ങൾ കുറിച്ചത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള പ്രതിബന്ധം ജനാധിപത്യത്തിലേക്കല്ല, ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കാകും നയിക്കുകയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് വിലയിരുത്തി.
പത്രങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ അപകീർത്തി കേസെടുക്കുമ്പോൾ വേണ്ടത്ര വസ്തുതകളുണ്ടെന്ന് വിചാരണക്കോടതികൾ ഉറപ്പാക്കണമെന്നു നിർദ്ദേശിച്ച ഹൈക്കോടതി, ഉത്തരവിന്റെ പകർപ്പ് ജില്ലാ കോടതികൾക്ക് അയയ്‌ക്കാനും നിർദ്ദേശിച്ചിരുന്നു.
കൃത്യമായി റിപ്പോർട്ട് ചെയ്ത വാർത്ത, മതിയായ തെളിവില്ലാതെ അപകീർത്തികരമാണെന്നു പറയുന്നത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനു തടസമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൗൺസിലറുടെ പിടിവാശിയും
അപകീർത്തിക്കേസും
ആലുവ: ആലുവ നഗരസഭാ കൗൺസിലർ കെ.വി. സരളയുടെ അപക്വമായ നടപടികളാണ് കേസിലേക്ക് നയിച്ചത്. 2017 ഫെബ്രുവരി 18നാണ് കേസിനാധാരമായ സംഭവം. ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം വളപ്പിലേക്ക് പൊതുകാനയിൽ നിന്നുള്ള മാലിന്യം കോരിയിട്ടതിനെ ചോദ്യം ചെയ്ത ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയെ അധിക്ഷേപിച്ചതിന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ.വി. സരളയെ പാർട്ടി പുറത്താക്കിയിരുന്നു. ഇതുസംബന്ധിച്ച് തുടർച്ചയായി വാർത്ത നൽകിയ 'കേരളകൗമുദി" ഉൾപ്പെടെ നാല് പത്രങ്ങൾക്കെതിരെയാണ് കൗൺസിലർ ആലുവ കോടതിയിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീർത്തി കേസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |