ധാക്ക: മുൻ പ്രധാനമന്ത്റി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കെതിരെ ഇടപെടൽ ശക്തമാക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ഇന്നലെ ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രം സന്ദർശിച്ചു. ഹൈന്ദവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മത വേർതിരിവില്ലാതെ നീതിയും സംരക്ഷണവും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു.രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമുണ്ടെന്നും വേർതിരിവ് പാടില്ലെന്നും പ്രതികരിച്ചു. സർക്കാർ നടപടികൾ കൈക്കൊള്ളും വരെ ക്ഷമ കാണിക്കണമെന്ന് അദ്ദേഹം ഹൈന്ദവ സമൂഹത്തോട് അഭ്യർത്ഥിച്ചു. എല്ലാവരെയും മനുഷ്യരായി കാണാൻ ജനതയോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മുസ്ലിം സംഘനകളും ഹൈന്ദവ നേതാക്കളുമായി ചർച്ച നടത്തി. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് യൂനുസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ. ഇതിനിടെ, കലാപത്തിൽ കാണാതായ ബന്ധുക്കളെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്നലെ ധാക്കയിൽ യൂനുസിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ഹിന്ദു വിഭാഗക്കാരും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി.
ഹസീനയ്‌ക്ക്
കൊലക്കേസ്
ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ് കോടതി. സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ധാക്കയിൽ അബു സയീദ് എന്ന പലചരക്കുകട ഉടമ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കേസിലാണ് നടപടി. കേസന്വേഷിക്കാൻ പൊലീസിനോട് ഉത്തരവിട്ടു. അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്റി അസദ് ഉസ്‌മാൻ ഖാൻ കമൽ എന്നിവർ അടക്കം ആറ് പേരെയും ധാക്കയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി കേസിൽ പ്രതിചേർത്തു. രാജ്യംവിട്ട ഹസീനയ്ക്കെതിരെ ചുമത്തിയ ആദ്യ കേസാണിത്. ഈ മാസം അഞ്ചിനാണ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ജൂലായ് 19നാണ് അബു സയീദ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവയ്പ് നടത്തിയപ്പോൾ റോഡ് മുറിച്ചുകടന്ന സയീദിന് വെടിയേൽക്കുകയായിരുന്നു. വെടിവയ്ക്കാൻ നിർദ്ദേശം നൽകിയത് ഹസീനയാണെന്ന് പരാതിയിൽ പറയുന്നു.
പുറത്താക്കിയതിൽ പങ്കില്ല: യു.എസ്
ഹസീനയെ പുറത്താക്കിയതിൽ പങ്കില്ലെന്ന് യു.എസ്. പ്രചരിക്കുന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണെന്നും ജനങ്ങളുടെ തീരുമാനമാണ് ബംഗ്ലാദേശിൽ നടപ്പായതെന്നും വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു. സംവരണ വിരുദ്ധ പ്രക്ഷോഭത്തിനും തന്റെ രാജിക്കും പിന്നിൽ യു.എസിന്റെ ഗൂഢാലോചനയാണെന്ന് ഹസീന ആരോപിച്ചിരുന്നു.
തനിക്ക് നീതി വേണം: ഹസീന
ധാക്ക: തനിക്ക് നീതി വേണമെന്നും പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് നാശം വിതച്ച കലാപകാരികളെ ശിക്ഷിക്കണമെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഈ മാസം അഞ്ചിന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ശേഷം ഹസീന നടത്തിയ പ്രസ്താവനയാണിത്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും തന്റെ പിതാവുമായ മുജീബുർ റഹ്മാന്റെ പ്രതിമകൾ വ്യാപകമായി തകർക്കപ്പെട്ടതിനെയും ഹസീന വിമർശിച്ചു. തന്റെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെയടക്കം പരാമർശിക്കുന്ന മൂന്ന് പേജുള്ള ഹസീനയുടെ വൈകാരിക കുറിപ്പ് മകൻ സജീബ് എക്സിലൂടെ പുറത്തുവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |