കൊൽക്കത്ത: പി.ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയിൽ കൊൽകത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയലിനെ നീക്കാൻ തീരുമാനം. ഇരയുടെ കുടുംബം കൈക്കൂലി ആരോപണം ഉന്നയിച്ച ഡെപ്യൂട്ടി കമ്മീഷണറെ നീക്കണമെന്ന ഡോക്ടർമാരുടെ ആവശ്യം മമത അംഗീകരിച്ചത്. കൂടാതെ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ കൗസ്തവ് നായിക്, ഹെൽത്ത് സർവീസസ് ഡയറക്ടർ ദേബാഷിസ് ഹാൽദർ എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്. ഡോക്ടർമാരുമായി രണ്ട് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് മമത തീരുമാനം പ്രഖ്യാപിച്ചത്.
35 ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധിസംഘമാണ് തിങ്കളാഴ്ച വൈകിട്ടോടെ യോഗത്തിന് എത്തിയത്. കേസിൽ സുതാര്യമായ അന്വേഷണം നടത്തണം, കൊൽക്കത്ത പൊലീസ് കമ്മീഷണറെയും ആരോഗ്യവകുപ്പ് സെക്രട്ടറിയെയും മാറ്റണം, സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം, ബംഗാൾ മെഡിക്കൽ കൗൺസിൽ പിരിച്ചുവിടണം, ഡോക്ടർമാർക്കെതിരെ സർക്കാർ നടപടികൾ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് സംഘം മമതയോട് ആവശ്യപ്പെട്ടത്.ഓഗസ്റ്റ് 9ന് ആർ.ജി. കർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |