ന്യൂഡൽഹി: പി.ആർ ശ്രീജേഷ് - ദി ഗോഡ് ഓഫ് ഇന്ത്യൻ മോഡേൺ ഹോക്കി... ഒളിമ്പിക്സോടെ വിരമിച്ച ഇതിഹാസ താരം ശ്രിജേഷിനായി ഇന്നലെ ഡൽഹിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ഹോക്കി ഇന്ത്യ നൽകിയ പേരാണിത്. ഇതിലുണ്ട് ഇന്ത്യൻ ഹോക്കി ടീമിന് ശ്രിജേഷ് ആരായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം. ചരിത്രത്തിൽ ഒരു ഹോക്കി താരത്തിനും കിട്ടാത്ത തരത്തിലുള്ള ആദരവാണ് കളിനിറുത്തുമ്പോൾ ശ്രീജേഷിന് ലഭിച്ചത്. ഒരു മലയാളി കായിക താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദരവും.
ഹോക്കി ഇന്ത്യ ഭാരവാഹികളും ഇന്ത്യൻ ടീമംഗങ്ങളും മുൻ താരങ്ങളും നിലവിലെ താരങ്ങളും ഒളിമ്പിക്സ് മെഡൽ ജേതാവ് ഷൂട്ടർ മനുഭാക്കർ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖരും ശ്രീജേഷിന്റെ കുടുംബാംഗങ്ങളുമെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ശ്രീജേഷിനോടുള്ള ആദരമായി താരത്തിന്റെ 16-ാം നമ്പർ ജേഴ്സിയണിഞ്ഞാണ് നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ എത്തിയത്. ചടങ്ങിൽ വച്ച് 25 ലക്ഷം രൂപയും മൊമന്റോയും പൂച്ചെണ്ടുകളും ഹോക്കി ഇന്ത്യ ശ്രീജേഷിന് സമ്മാനിച്ചു. ഒപ്പം ഇന്ത്യൻ പുരുഷ സീനിയർ ടീമിൽ നിന്ന് ശ്രീജേഷ് അണിഞ്ഞിരുന്ന 16-ാം നമ്പർ ജേഴ്സി പിൻവലിക്കുകയും ചെയ്തു. അതേസമയം ജൂനിയർ ടീമിന് 16-ാം നമ്പർ ജേഴ്സിയുണ്ടാകും.
ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ചായി ശ്രീജേഷ് ഉടൻ ചുമതലയേറ്റെടുത്തേക്കും.
രാജ്യം പത്മശ്രീയും അർജുന അവാർഡും ഖേൽരത്നയും നൽകി അദരിച്ചിട്ടുണ്ട്. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ, എഫ്.ഐ.എച്ച് ബെസ്റ്റ് ഗോൾ കീപ്പർ അവാർഡ് എന്നിവയെല്ലാം ശ്രിജേഷിനെ തേടിയെത്തിയിട്ടുണ്ട്.
ഇത്രയും വലിയ ആദരവ് ലഭിച്ചതിൽ സന്തോഷവും അങ്ങേയറ്റം കടപ്പാടുണ്ട്. കുടുംബത്തിന്റെും കോച്ചുമാരുടേയും സഹതാരങ്ങളുടേയും സഹായമില്ലായിരുന്നെങ്കിൽ ഇവിടം വരെയെത്താനാകില്ലായികരുന്നു. 18 വർഷം നീണ്ട യാത്രയിൽ ഉയർച്ച,താഴ്ചകളെല്ലാം അനുഭവിച്ചു. അതെല്ലാമാണ ്എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത്. ഞാൻ കായിക രംഗം വിടുന്നില്ല. കായിക മേഖലയിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കമാവുകയാണ്.
പി.ആർ ശ്രീജേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |