ടെൽ അവീവ്: ഖത്തറിൽ ഇന്ന് തുടങ്ങുന്ന ഗാസ വെടിനിറുത്തൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചതോടെ ഇസ്രയേലിനെ ആക്രമിക്കാനുള്ള നീക്കവുമായി ഇറാൻ. വെടിനിറുത്തലിന് ധാരണയായാൽ ഇസ്രയേലിനെ തത്കാലം ആക്രമിക്കില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. അതേസമയം, ഹമാസുമായി പരോക്ഷ ചർച്ചകൾ നടത്താമെന്നാണ് യു.എസ്, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങളുടെ പ്രതീക്ഷ. ചർച്ചയിൽ ഇസ്രയേലിന്റെ പ്രതിനിധി സംഘം പങ്കെടുക്കും. ഹമാസ് മുൻ തലവൻ ഇസ്‌മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ ഒരുങ്ങുന്നത്. ആക്രമണം ഈ ആഴ്ചയുണ്ടായേക്കുമെന്നാണ് യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ആക്രമണത്തിന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടിരുന്നു. മിസൈലുകൾ അടക്കം സന്നാഹങ്ങൾ ഇറാൻ രഹസ്യകേന്ദ്രങ്ങളിൽ വിന്യസിച്ചെന്നാണ് വിവരം. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ആക്രമിച്ചേക്കും. ജൂണിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിറുത്തൽ കരാർ അംഗീകരിച്ചതാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതി രൂപീകരിക്കണമെന്നും മദ്ധ്യസ്ഥ രാജ്യങ്ങളോട് ഹമാസ് അഭ്യർത്ഥിച്ചു. മറ്റ് ചർച്ചകൾക്ക് താത്പര്യമില്ലെന്നും വ്യക്തമാക്കി.
അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ഇന്നലെ ശക്തമായ വ്യോമാക്രമണം നടത്തി. 14 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ടെൽ അവീവിൽ ഹമാസ് റോക്കറ്റാക്രമണം നടത്തിയതിന് പ്രതികാരമായാണ് ആക്രമണം. നിരവധി ഹമാസ് അംഗങ്ങളെ വധിച്ചെന്നും റോക്കറ്റ് ലോഞ്ചിംഗ് പാഡുകൾ തകർത്തെന്നും പറയുന്നു. ഗാസയിലെ മരണസംഖ്യ 39,960 കടന്നു.
യു.എസ് സഹായം
ഇസ്രയേലിന് യു.എസ് 2000 കോടി ഡോളറിന്റെ സൈനിക പാക്കേജ് പ്രഖ്യാപിച്ചു. 50 എഫ് - 15 യുദ്ധവിമാനങ്ങളും സൈനിക വാഹനങ്ങളും അടങ്ങുന്നതാണ് പാക്കേജ്. എന്നാൽ വിതരണം ഉടൻ ഉണ്ടാകില്ല. 2029ഓടെയാകും ആദ്യ ബാച്ച് എഫ് - 15 വിമാനങ്ങൾ കൈമാറുക. ഗാസ യുദ്ധമാരംഭിച്ചത് മുതൽ 10,000ത്തിലേറെ മാർക്ക് 84 ബോംബുകളും ആയിരക്കണക്കിന് ഹെൽഫയർ മിസൈലുകളുമാണ് യു.എസ് ഇസ്രയേലിന് നൽകിയത്.
ഗാലന്റിനെതിരെ പ്രതിഷേധം
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധതന്ത്രത്തെ വിമർശിച്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്
തീവ്ര വലതുപക്ഷ മന്ത്രിമാരും എം.പിമാരും രംഗത്ത്. ഹമാസിന് മേൽ പൂർണ വിജയം നേടണമെന്ന നെതന്യാഹുവിന്റെ ലക്ഷ്യം അർത്ഥശൂന്യമാണെന്ന് ഗാലന്റ് പ്രതികരിച്ചിരുന്നു. ഗാലന്റിന്റേത് ഇസ്രയേൽ വിരുദ്ധ പ്രസ്താവനയാണെന്നും സൈന്യത്തിന്റെ നേട്ടങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും നെതന്യാഹു തിരിച്ചടിച്ചിരുന്നു. ഇതിന് മുമ്പും നെതന്യാഹുവിനോടുള്ള വിയോജിപ്പ് ഗാലന്റ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |