അബുദാബി: മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള സ്ഥലമാണ് യുഎഇ. വർഷങ്ങളായി ഇവിടെ തൊഴിൽ ചെയ്ത് ജീവിക്കുന്നവരുണ്ട്. ഒറ്റയ്ക്ക് അപ്പാർട്ട്‌മെന്റുകളിലോ ലേബർ ക്യാമ്പുകളിലോ ആയിരിക്കും ഇവർ താമസിക്കുന്നത്. പ്രവാസികളിൽ നല്ലൊരു ശതമാനം പേരും ഓൺലൈൻ ഫുഡ് ഡെലിവറിയെയായിരിക്കും ആശ്രയിക്കുന്നത്. എന്നാലിപ്പോൾ ഓൺലൈനിലൂടെ ആഹാരം ഓർഡർ ചെയ്ത പ്രവാസിക്ക് വൻ തുക നഷ്ടമായ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ദുബായിൽ 20 വർഷത്തോളമായി താമസിക്കുന്ന സരിക തദാനിയാണ് തട്ടിപ്പിനിരയായത്. വെറും 29 ദിർഹമിന് ആഹാരം ഓർഡർ ചെയ്ത സരികയ്ക്ക് നഷ്ടമായത് 9872 ദിർഹമാണ് (രണ്ട് ലക്ഷത്തോളം രൂപ). ഇത്തരത്തിൽ ആഹാര വിതരണ പ്ളാറ്റ്‌ഫോമുകളിലൂടെയുള്ള തട്ടിപ്പ് യുഎഇയിൽ വർദ്ധിക്കുകയാണെന്നാണ് വിവരം.
പ്രശസ്തമായ ഒരു ഫ്രൈഡ് ചിക്കൻ ഔട്ട്‌ലെറ്റിൽ ആഹാരത്തിന് വൻ ഡിസ്‌കൗണ്ട് എന്ന ഫേസ്‌ബുക്ക് പരസ്യം കണ്ടാണ് സരിക ഓർഡർ ചെയ്തത്. തന്റെ സ്റ്റാഫിനുവേണ്ടി സാൻഡ്‌വിച്ച് റോളുകളും ചിക്കൻ നഗ്ഗെറ്റ്‌സുമാണ് ഓർഡർ ചെയ്തതെന്ന് സരിക പറഞ്ഞു. ശേഷം ബാങ്കിൽ നിന്ന് ലഭിച്ച ഒടിപി നൽകി. പിന്നാലെ 2020 ദിർഹം അക്കൗണ്ടിൽ നിന്ന് പോയതായി കാണിച്ചുള്ള സന്ദേശം കണ്ട് അമ്പരന്നുവെന്ന് സരിക പറയുന്നു. പിന്നാലെ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ പല ഇടപാടുകളിലൂടെ അക്കൗണ്ടിൽ നിന്ന് 9872.69 ദിർഹം പോയതായി ബാങ്ക് അറിയിക്കുകയായിരുന്നുവെന്നും സരിക വെളിപ്പെടുത്തി.
തട്ടിപ്പ് നടന്നതായി ബാങ്കിനെ ഉടനടി വിവരമറിയിച്ചിട്ടും കൂടുതൽ പണം നഷ്ടമാകുന്നത് തടയാൻ അവർക്ക് സാധിച്ചില്ലെന്ന് സരിക പറയുന്നു. പിന്നാലെ ബാങ്കിനെ ബന്ധപ്പെട്ട് അക്കൗണ്ടിൽ നിന്നുള്ള ഇടപാടുകൾ നിർത്തലാക്കുകയും കാർഡ് ബ്ളോക്ക് ചെയ്തു. ശേഷം ബാങ്കിന്റെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി. ദുബായ് പൊലീസിൽ പരാതി നൽകിയെങ്കിലും താൻ സ്വയം ഒടിപി നൽകിയതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് അടുത്ത ദിവസം അറിയിച്ചതായും സരിക പറഞ്ഞു.
കഴിഞ്ഞവർഷം മറ്റൊരു പ്രവാസിയും സമാന തട്ടിപ്പിനിരയായിരുന്നു. 14 ദിർഹമിന് കോംബോ ഓഫർ കണ്ടാണ് രാഹുൽ കില്ലാരെ എന്ന ദുബായ് പ്രവാസി ആഹാരത്തിന് ഓർഡർ നൽകിയത്. ലിങ്ക് ക്ളിക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതിന് പിന്നാലെ 14,000 ദിർഹമാണ് രാഹുലിന് നഷ്ടമായത്. 37 ദിർമിന് ആഹാരം ഓർഡർ ചെയ്ത മറ്റൊരു പ്രവാസിക്ക് 4848 ദിർഹവും നഷ്ടമായി.
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ലഭ്യമാക്കാൻ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ നിർമിക്കുകയാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനായി വമ്പൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും പരസ്യപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ കണ്ടും മറ്റും ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിക്കാനും ജാഗ്രത പാലിക്കാനും അധികാരികളും ബാങ്കുകളും പ്രവാസികൾക്കും യുഎഇ പൗരന്മാർക്കും നിവാസികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |