SignIn
Kerala Kaumudi Online
Monday, 19 August 2024 9.51 PM IST

ഹെപ്പറ്റൈറ്റിസ്- കാലികപ്രാധാന്യമേറുന്ന ചികിത്സയും പ്രതിരോധവും

health-

വൈവിധ്യമായ കാരണങ്ങളും ദീർഘകാല ആരോഗ്യപ്രശ്നങ്ങളും നിമിത്തം ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുന്ന ആഗോള ആരോഗ്യ പ്രശ്‌നമായി നിലനിൽക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ചു പൊതുജന അവബോധമുണ്ടാകേണ്ടത് അനിവാര്യമായിരിക്കുന്നു. "Hepatitis Can't Wait" എന്ന 2024 ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൻ്റെ പ്രമേയം, ആഗോളതലത്തിൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകതയ്ക്കു ഊന്നൽ നൽകുന്നതായി മനസിലാക്കാം. ഹെപ്പറ്റൈറ്റിസിനെ ഫലപ്രദമായി നേരിടാനുള്ള സമയബന്ധിതമായ രോഗനിർണയം, ചികിത്സ, പ്രതിരോധ ശ്രമങ്ങൾ എന്നിവയുടെ നിർണായക പ്രാധാന്യത്തെ ഈ പ്രമേയം അടിവരയിടുന്നു.

ഹെപ്പറ്റൈറ്റിസ് രോഗികളുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. വ്യാവസായികവൽക്കരണം നമ്മുടെ ജീവിതശൈലിയിലും ഭക്ഷണ ശീലങ്ങളിലും ദിനംപ്രതി വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്നു. മിക്ക ആളുകളും ഫാസ്റ്റ് ഫുഡ് ശീലമാക്കിയിരിക്കുന്നു. ജീവിതശൈലിയിലെ ഈ മാറ്റം വിവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.

നാം കഴിക്കുന്ന ഏതൊരുതരം ആഹാരത്തിന്റെയും ദഹനം, ഉപാപചയ പ്രവർത്തനങ്ങൾ, രോഗപ്രതിരോധശേഷി, വിഷാംശത്തെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നതിനായുള്ള പ്രവർത്തനങ്ങൾ, വിറ്റാമിൻ സംഭരണം, രക്തത്തിലെ ചില ഘടകങ്ങളുടെ നിർമ്മാണം എന്നിങ്ങനെ വിവിധതരം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന പ്രധാനപ്പെട്ട അവയവമാണു കരൾ. കരളിനു സ്വാഭാവിക ശുദ്ധീകരണം സംഭവിക്കുന്നത് അർദ്ധരാത്രി , പ്രത്യേകിച്ചും ഒരു മണിക്കും മൂന്നുമണിക്കും ഇടയിലുള്ള സമയത്താണ്. ആ സമയത്ത് ആഹാരം കഴിച്ചാൽ, കരളിനാവശ്യമായ വിശ്രമം ലഭിക്കുന്നില്ലെന്നു മാത്രമല്ല, ജോലിഭാരം വർധിക്കുകയും ചെയ്യുന്നു. കൂടാതെ രാത്രികാലത്തുള്ള മദ്യപാനം കരൾ കോശങ്ങളുടെ ആരോഗ്യം പെട്ടെന്നുതന്നെ തകരാറിലാക്കുന്നു. ശരീരത്തിൽ ഏറ്റവുമധികം ജോലിഭാരമുള്ള നിർണായക അവയവമായ കരളിന് വിശ്രമം നൽകാതെ രാത്രി ഏറെ വൈകിയുള്ള ഭക്ഷണവും ഉറക്കമിളപ്പും, തെറ്റായ ജീവിതശൈലി പിന്തുടരുന്നവരിലും, ഐ ടി , ആരോഗ്യമേഖല, പോലീസ് തുടങ്ങിയ നൈറ്റ് ഷിഫ്റ്റ് ജോലിയെടുക്കുന്നവരിലും കരൾ രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്. കൂടാതെ, ജനസംഖ്യയുടെ വർദ്ധനവ്, വൃത്തിഹീനമായ ഭക്ഷണത്തിൻ്റെയും മലിനമായ വെള്ളത്തിൻ്റെയും ഉപയോഗം എന്നിവ കാരണവും ഹെപ്പറ്റൈറ്റിസ് വർദ്ധിക്കുന്നു.


ഹെപ്പറ്റൈറ്റിസ് രോഗികൾക്ക് മികച്ചതും, ചെലവ് കുറഞ്ഞതും, ഫലപ്രദവുമായ ചികിത്സ, രോഗസാധ്യതയുള്ളവരിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്കരണം എന്നിങ്ങനെ സമഗ്രസമീപനം സ്വീകരിക്കുന്ന ആരോഗ്യ ശാസ്ത്രമെന്ന നിലയിൽ, ലോകത്തിനായി ആയുർവേദത്തിന് ഗണ്യമായ സംഭാവന നൽകാൻ കഴിയും.

ഹെപ്പറ്റൈറ്റിസ് രോഗനിർണയം

വിവിധ കാരണങ്ങളാൽ കരളിലെ കോശങ്ങളിലുണ്ടാകുന്ന വീക്കം ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെടുന്നു. ഇത് പലപ്പോഴും മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങളിൽ പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, ഓക്കാനം, വയറിലെ അസ്വസ്ഥത, മലബന്ധം, ഇരുണ്ട നിറത്തിലുള്ള മൂത്രം, ചർമ്മത്തിലും കണ്ണുകളിലുമുണ്ടാകുന്ന മഞ്ഞനിറം, ചർമ്മത്തിൽ ചൊറിച്ചിൽ തുടങ്ങിയവ ഉൾപ്പെടുന്നു.

ലിവർ ഫങ്ക്ഷൻ ടെസ്റ്റ് എന്നറിയപ്പെടുന്ന, Bilirubin, SGOT, SGPT, GGT, Alkaline Phosphatase, Albumin, Hepatitis Viral Panal തുടങ്ങിയവയുൾപ്പെട്ട രക്തപരിശോധനയിലൂടെയും വിവിധതരം സ്കാനിങ് രീതികളിലൂടെയും കരൾ രോഗങ്ങൾ തിരിച്ചറിയാനും ചികിത്സാഫലം നിരീക്ഷിക്കാനും സാധിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ

വൈറൽ ഹെപ്പറ്റൈറ്റിസ് : വൈറൽ അണുബാധയുടെ ഫലമായുണ്ടാകുന്ന കരൾവീക്കം വളരെ സാധാരണയായി കാണപ്പെടുകയും പകരുകയും ചെയ്യുന്നു. വൈറസുകളുടെ വകഭേദമനുസരിച്ചു ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസിൻ്റെ അഞ്ച് വർഗ്ഗീകരണങ്ങൾ. ചിലതരം വൈറസ്ബാധ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ, വൈറസ് വിട്ടുമാറാത്ത കരൾ അണുബാധയ്ക്കും കാരണമാകുന്നു. അത് പിന്നീട് സിറോസിസ് അല്ലെങ്കിൽ കരൾ കാൻസറായി മാറാറുണ്ട്.

ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്: മദ്യപാനം, പുകവലി , മയക്കുമരുന്ന്, ലഹരി വസ്തുക്കൾ തുടങ്ങിയവ മൂലം കരൾവീക്കം സംഭവിക്കുന്നു.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് : ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത രോഗികളിൽ കരളിൽ കൊഴുപ്പടിഞ്ഞുകൂടി, വീക്കവും കോശങ്ങൾക്ക് നാശവും സംഭവിക്കുന്ന രോഗാവസ്ഥയെ NASH (Non-alcoholic Steato Hepatitis) എന്ന പേരിലറിയപ്പെടുന്നു. അനാവശ്യമായും അനിയന്ത്രിതമായും ഉപയോഗിക്കുന്ന മരുന്നുകൾ, അമിതമായ മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, തുടങ്ങിയ താളംതെറ്റിയ ജീവിതശൈലിയാണ് NASH രോഗമുണ്ടാകാനുള്ള പ്രധാന കാരണം. NASH രോഗികൾ ഏകദേശം 5 വർഷക്കാലം കൊണ്ടുതന്നെ പ്രമേഹ രോഗികളായും മാറുന്നുവെന്ന വസ്തുതയും ആശങ്കാവഹമാണ്.

ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് : ശരീരം കരൾ കോശങ്ങൾക്കെതിരെ സ്വയം പ്രതിരോധ ആൻ്റിബോഡികൾ ഉണ്ടാക്കുന്നത് ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസിനു കാരണമാകുന്നു.

ലിവർ സിറോസിസ് : ദീർഘകാലം നിലനിൽക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗമുള്ളവരിൽ , 10-15 വർഷങ്ങൾക്കുശേഷം ലിവർ സിറോസിസ് എന്ന രോഗമായി പരിണമിക്കുകയും തുടർന്ന് കരൾ കാൻസർവരെ ആയി മാറാറുമുണ്ട് .

ഹെപ്പറ്റൈറ്റിസ് രോഗം - ആയുർവേദ വീക്ഷണത്തിൽ

മഞ്ഞപ്പിത്തത്തിനു സമാനമായ ലക്ഷണങ്ങളോടുകൂടി ആയുർവേദത്തിൽ വിവരിച്ചിരിക്കുന്ന രോഗമാണ് കാമല. ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ ലക്ഷണങ്ങളും ചികിത്സയും കാമലയിൽ വിശദീകരിച്ചിട്ടുണ്ട്.


ആയുർവേദ ശാസ്ത്രപ്രകാരം, പിത്ത ദോഷത്തിന്റെയും, രക്തധാതുവിന്റേയും ആധാരസ്ഥാനമാണ് കരൾ. പിത്തദോഷത്തിനും രക്ത ധാതുവിനും സംഭവിക്കുന്ന ദുഷ്ടിയാണ് പ്രധാനമായും കരൾരോഗങ്ങൾക്കു കാരണമായി മാറുന്നത്. പിത്തരസത്തിന്റെ ഉത്പാദനത്തിലും പ്രവർത്തനത്തിലും വിസർജനത്തിലുമുണ്ടാകുന്ന അപാകതകൾ അഗ്നിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. തുടർന്ന് കരളിൽ നടക്കേണ്ട ദഹനം, ആഗിരണം, ഉപാപചയം എന്നിവ ക്രമരഹിതമാകുകയും കരൾ രോഗങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു.


ആയുർവേദം വിവിധ തരത്തിലുള്ള കരൾരോഗങ്ങളെ നിർവചിക്കുന്നത് ദോഷങ്ങളുടെ പങ്കാളിത്തത്തെയും പ്രത്യേക ലക്ഷണങ്ങളേയും ആധാരമാക്കിയാണ്. ശാഖാശ്രിത കാമല- പിത്തനാളികളിലുണ്ടാകുന്ന തടസ്സങ്ങൾ പിത്ത രസത്തിന്റെ ഒഴുക്കിനെ തടഞ്ഞു ത്രിദോഷ കോപമുണ്ടാക്കി ഒബ്സ്ട്രക്റ്റീവ് ജോണ്ടിസ് എന്ന വിഭാഗത്തിൽ ഉൾപെടുത്താവുന്ന കരൾരോഗമുണ്ടാക്കുന്നു.


കോഷ്ടശാഖാശ്രിത കാമല- വളരെ ഉയർന്നതോതിലുള്ള പിത്ത വൈകല്യത്തിൻ്റെ ഫലമായുണ്ടാകുന്ന കഠിനമായ മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റോസെല്ലുലാർ ജോണ്ടിസ്. കുംഭകാമല - ചികിത്സിക്കാതെ അവഗണിക്കപ്പെട്ട ഹെപ്പറ്റൈറ്റിസ് കാരണമുണ്ടാകുന്ന, ചികിത്സിക്കാൻ വിഷമമേറിയ ഈ അവസ്ഥയെ മഞ്ഞപ്പിത്തത്തിന്റെ പരിണതഫലമായുണ്ടാകുന്ന അസൈറ്റിസ് എന്ന അവസ്ഥയുമായി താരതമ്യം ചെയ്യാനാകും. ഇത് ലിവർ സിറോസിസിന്റെ ഒരു പ്രധാന സൂചകമാണ്.

ഹെപ്പറ്റൈറ്റിസ് ചികിത്സ - ആയുർവേദ സമീപനം

കരൾരോഗ ചികിത്സ, കരളിന്റെ പുനരുജ്ജീവനം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയിൽ ആയുർവേദ ശാസ്ത്രം സമഗ്രമായ വീക്ഷണം പുലർത്തുന്നു. അതിൽ കരൾ ആരോഗ്യത്തെ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ, പഞ്ചകർമ ചികിത്സ , ശരിയായ ഭക്ഷണ ശീലങ്ങൾ, ജീവിതശൈലി, സ്ട്രെസ് മാനേജ്മെൻ്റ് എന്നിവ ഉൾപ്പെടുന്നു.

‘മൃദു വിരേചനം’ എന്ന ചികിത്സാ തത്വമാണ് കാമലാരോഗത്തിന്റെ ശോധന ചികിത്സയിൽ ആയുർവേദം നിർദേശിച്ചിരിക്കുന്നത്. അതോടൊപ്പം രോഗശമനത്തിനാവശ്യമായ ഔഷധങ്ങളും കോശങ്ങളുടെ പുനരുജ്ജീവനത്തിനായി രസായന ചികിത്സയും ആവശ്യമാണ്. ത്രിഫല, ചിറ്റമൃത്, കീഴാർനെല്ലി, മഞ്ഞൾ, കിരിയാത്ത് തുടങ്ങിയ ആയുർവേദ ഔഷധങ്ങൾ അവയുടെ ഹെപ്പറ്റോപ്രൊട്ടക്റ്റീവ്, ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടവയാണ്. കരളിനെ വിഷവിമുക്തമാക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും കരൾ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവയടങ്ങിയ ആയുർവേദ ഔഷധങ്ങൾ സഹായിക്കുന്നു.

ഹെപ്പറ്റൈറ്റിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണ നിയന്ത്രണങ്ങൾ, ജീവിതശൈലി പരിഷ്‌ക്കരണങ്ങൾ, ലഹരിവിമുക്തി ചികിത്സ എന്നിവ മികച്ച ചികിത്സാ ഫലം നേടുന്നതിന് ആവശ്യമായ ഘടകങ്ങളാണ്. ശരീരഭാരം കുറക്കുന്നതുകൊണ്ടു മാത്രം തന്നെ ഫാറ്റി ലിവർ രോഗികളിൽ അസുഖം വളരെ ഗണ്യമായി കുറയ്ക്കാനും ഫലപ്രദമായി നിയന്ത്രിക്കാനും കഴിയുന്നു. അതിനാൽ ആഹാര നിയന്ത്രണം, അനുയോജ്യമായ വ്യായാമരീതികൾ, ജീവിത ശൈലീനിയന്ത്രണം, ആവശ്യമെങ്കിൽ ഔഷധങ്ങളുടെയും ചികിത്സാരീതികളുടെയും ഉപയോഗം എന്നിവകൊണ്ട് അമിത വണ്ണമുള്ള കരൾ രോഗികൾ അമിതഭാരം എത്രയും വേഗത്തിൽത്തന്നെ കുറയ്‌ക്കേണ്ടതുണ്ട്.

രോഗിയുടെ ചുറ്റുപാടുകളിൽ ലഭ്യമായ വിവിധയിനം പഴവർഗ്ഗങ്ങൾ കൂടുതലായി ആഹാരത്തിൽ ഉൾപെടുത്തുക. ഫ്രൂട്ട് ഫാസ്റ്റിംഗ് ഡയറ്റ് എന്ന രീതിയും പ്രയോജനകരമാണ്. എണ്ണയിൽ വറുത്തുണ്ടാക്കുന്ന ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കി വേവിച്ച ഭക്ഷണം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഒപ്പം നാരുകൾ ധാരാളമടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ശരിയായ മലശോധന നിത്യവും നടക്കുന്നുവെന്നതും ഉറപ്പുവരുത്തേണ്ടതാണ്.


ഏതു സമയമേഖലയിൽ ജീവിക്കുന്നവരും അർധരാത്രി സമയത്തുള്ള ഉറക്കമിളപ്പും ആഹാരവും നിർബന്ധമായും ഒഴിവാക്കുകയും ശരീരത്തിനാവശ്യമായ വിശ്രമം ഉറപ്പുവരുത്തുകയും ചെയ്യുക. ലഹരിവസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കേണ്ടതാണ്.


യോഗ, ധ്യാനം, പ്രാണായാമം (ശ്വസന വ്യായാമങ്ങൾ) തുടങ്ങിയ പരിശീലനങ്ങൾ മാനസിക സമ്മർദ്ദത്തിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, വിട്ടുമാറാത്ത സമ്മർദ്ദം കരൾ തകരാറുകൾ വർദ്ധിപ്പിക്കും എന്നതിനാൽ ഇത് നിർണായകമാണ്.

ശരീരവും മനസ്സും ആത്മാവും തമ്മിലുള്ള സന്തുലിതാവസ്ഥയായിട്ടാണ് ആയുർവേദം ആരോഗ്യത്തെ കാണുന്നത്. ദൈനംദിന ജീവിതത്തിൽ ആയുർവേദതത്ത്വങ്ങൾ സമന്വയിപ്പിക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ കരളിന്റെ ആരോഗ്യവും ഹെപ്പറ്റൈറ്റിസ് പ്രതിരോധശേഷിയും ശക്തിപ്പെടുത്താൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, HEALTH, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.