ശിവഗിരി: ജാതി, മത ഭേദമില്ലാത്ത സാമൂഹിക നീതിയാണ് ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ പൊരുളെന്നും ഗുരുവിന്റെ ജീവിതം നമ്മെ എന്തുപഠിപ്പിച്ചെന്ന് വർത്തമാനകാല സംഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ശിവഗിരിയിൽ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ ഗുരുദേവ വിശ്വാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രാർത്ഥനയുടെ ഫലമായാണ് താൻ ഈ നിലയിൽ ഇവിടെ എത്തിയതെന്ന് വിശ്വസിക്കുന്നു. ഗുരുദേവന്റെ അമൂല്യമായ സന്ദേശങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഗുരുദേവജയന്തി. സമത്വത്തിനും സാമൂഹിക നീതിക്കും അധഃസ്ഥിതരുടെ ഉന്നമനത്തിനുമായി ജീവിതം സമർപ്പിച്ച മഹാത്മാവാണ് ഗുരുദേവൻ. ജാതിവ്യവസ്ഥയും സാമൂഹിക അസമത്വവും ആധിപത്യം പുലർത്തിയ കാലത്താണ് ഒരു ജാതി, ഒരു മതം , ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ ദർശനം അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ആ ദർശനം ജനങ്ങൾക്ക് പുതിയൊരു ബോധോദയമായി. അക്രമരാഹിത്യത്തിന്റെയും ശാന്തിയുടെയും സാക്ഷ്യപത്രമായിരുന്നു ഗുരുദേവന്റെ ജീവിതം. ആത്മീയ, സാമൂഹിക നവോത്ഥാനത്തിലൂടെ സ്നേഹത്തിന്റെയും അനുകമ്പയുടെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം നൽകി. ഗുരുദേവൻ പഠിപ്പിച്ച മഹത്തായ പാഠങ്ങൾ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിലാണ് വിശകലനം ചെയ്യേണ്ടത്. അസമത്വവും ചേരിതിരിവും ഇല്ലാതാക്കി ഐക്യവും അഖണ്ഡതയും വളർത്താൻ നാം യത്നിക്കണം. ഗുരുദർശനം കൂടുതൽ പ്രസക്തമാക്കി മുന്നേറണം. മതം ചോദിക്കരുത്, പറയരുത്, ചിന്തിക്കുക പോലുമരുത്. ജയന്തി ദിനത്തിൽ ഈ ചിന്താധാര നാം മുറുകെ പിടിക്കണം. ഗുരുവിൽ നിന്ന് പ്രചോദനം കൊണ്ട് ഭിന്നതകൾ ഇല്ലാതാക്കി പരസ്പര ധാരണയുടേയും ഐക്യത്തിന്റേയും പാലങ്ങൾ നിർമ്മിക്കാൻ ഒന്നിക്കാം. ഗുരുവിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സച്ചിദാനന്ദ രചിച്ച 'ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്ര അവലോകനം' എന്ന പുസ്തകം അടൂർ പ്രകാശ് എം. പിക്ക് നൽകി സുരേഷ് ഗോപി പ്രകാശനം ചെയ്തു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂർ പ്രകാശ് എം. പി, വി. ജോയ് എം.എൽ.എ. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ഗുരുധർമ്മ പ്രചരണസഭാ ഉപദേശകസമിതി ചെയർമാൻ വി.കെ. മുഹമ്മദ് ഭിലായ്, സഭാരജിസ്ട്രാർ കെ.ടി. സുകുമാരൻ, എസ്.എൻ.ഡി.പി. യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം., മുൻ മുനിസിപ്പൽ ചെയർമാൻ സൂര്യപ്രകാശ്, വാർഡ് കൗൺസിലർ രാഖി, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലയ്ക്കാപിള്ളി, വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിതാസുന്ദരേശൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |