തിരുവനന്തപുരം: സംസ്ഥാനത്തെ 1212 സർക്കാർ,എയ്ഡഡ് സ്കൂളുകളിലായി 2325 അദ്ധ്യാപക,അനദ്ധ്യാപക തസ്തികകൾക്ക് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ മേഖലയിലെ 513 സ്‌കൂളുകളിലായി 957ഉം 699 എയ്ഡഡ് സ്‌കൂളുകളിലായി 1368ഉം അധിക തസ്തികകളാണ് അനുവദിച്ചത്. ഇതിലൂടെ സർക്കാരിന് 8.47കോടി രൂപയുടെ അധികച്ചെലവുണ്ടാകും.
കഴിഞ്ഞ അദ്ധ്യയനവർഷത്തെ സ്കൂൾ തസ്തികകൾക്ക് ഒരുവർഷത്തിനുശേഷമാണ് സർക്കാർ അംഗീകാരം നൽകുന്നത്. ഇതോടെ എയ്ഡഡ് സ്കൂളുകളിൽ ഇതിനകം നിയമിക്കപ്പെട്ടവർക്ക് വൈകിയാണെങ്കിലും അംഗീകാരവും സർക്കാർ ശമ്പളവും ലഭിച്ചുതുടങ്ങും.ശമ്പള കുടിശികയും കിട്ടും. എന്നാൽ, സർക്കാർ സ്കൂളുകളിൽ ഒഴിവുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ദിവസവേതനക്കാരെ ഒഴിവാക്കും. പകരം തസ്തിക നഷ്ടമായവരെ പുനർവിന്യസിക്കും. ശേഷിക്കുന്ന അംഗീകൃത തസ്തികകളിലേക്ക് പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകും.
ഓരോ അദ്ധ്യയനവർഷത്തെയും ആറാമത്തെ പ്രവൃത്തിദിവസം വിദ്യാർത്ഥികളുടെ കണക്കെടുത്താണ് സ്കൂളുകളിലെ അധിക തസ്തികകൾ നിർണയിക്കുക. അതത് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ നൽകിയിരുന്ന തസ്തിക അംഗീകാരത്തിൽ ക്രമക്കേടുകളുണ്ടെന്ന ആക്ഷേപങ്ങളെ തുടർന്ന് തസ്തിക അംഗീകരിക്കുന്ന നടപടികൾ പൂർണ്ണമായും സംസ്ഥാനതലത്തിൽ മന്ത്രിസഭയുടെ നിയന്ത്രണത്തിലാക്കി. ഇതോടെ ജില്ലാതലത്തിൽ തസ്തികകൾ നിർണ്ണയിച്ച്, വിദ്യാഭ്യാസ സെക്രട്ടറിയും ധനവകുപ്പും വിദ്യാഭ്യാസമന്ത്രിയും അംഗീകരിക്കുന്ന റിപ്പോർട്ട് മന്ത്രിസഭകൂടി കണ്ടശേഷമാണ് അംഗീകാരം ലഭിക്കുക. ഇതിനു കാലതാമസം വന്നതോടെ സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിലും എയ്ഡഡ് സ്കൂളുകളിൽ താൽക്കാലികാടിസ്ഥാനത്തിലും നിയമനം നടത്തുന്ന രീതിയാണ് വന്നുചേർന്നത്. അതത് അദ്ധ്യയനവർഷം ആഗസ്റ്റ് മാസത്തിനു മുമ്പായി പൂർത്തിയായിരുന്ന തസ്തിക അംഗീകരിക്കൽ പുതിയ ക്രമത്തോടെ ഒരുവർഷത്തോളം കാലതാമസമുണ്ടാകുന്ന സ്ഥിതിയിലായി. നടപ്പ് അദ്ധ്യയനവർഷത്തെ തസ്തിക നിർണ്ണയം ഇനിയും പൂർത്തിയായിട്ടില്ല. തസ്തിക നിർണ്ണയ നടപടികൾ വൈകുന്നത് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം ലഭിക്കാതെ പോകുന്നതിനിടയാക്കുന്നുവെന്ന് പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |