ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിനു പരിഹാരമാകില്ല എന്ന മുന്നറിയിപ്പും താര സംഘടനയായ അമ്മയ‌്ക്ക് ലിജോ നൽകുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പിലാണ് ലിജോ പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും, അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാതിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |