ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമരം ചെയ്യുന്ന ഡോക്‌ടർമാർ അടിയന്തരമായി ജോലിയിൽ തിരിച്ച് കയറണമെന്ന് സുപ്രീം കോടതി. ദേശീയ കർമ സമിതി റിപ്പോർട്ട് വരുന്നതുവരെ ഡോക്‌ടർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്‌ചയും പ്രിൻസിപ്പലിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി ഹിയറിംഗ് ആരംഭിച്ചത്. എഫ്‌ഐആർ ഇടുന്നതിലുൾപ്പെടെ ഉണ്ടായ കാലതാമസത്തെ കോടതി അതിരൂക്ഷമായി വിമർശിച്ചു. മാത്രമല്ല, 13 ദിവസമായി എയിംസിലെ ഡോക്‌ടർമാർ ജോലിയിൽ കയറുന്നില്ല. അവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ലാഘവത്തോടെ കാണാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാൽ, ഇവർ അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും കോടതി നിർദേശിച്ചു.
ഡോകടർമാർ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ദേശീയ കർമ സമിതി പരിഗണിക്കും. റിപ്പോർട്ട് നൽകുന്നതിനായി സമിതിക്ക് മൂന്നാഴ്‌ചയാണ് സമയം നൽകിയിട്ടുള്ളത്. ഡോക്‌ടർമാർക്ക് മതിയായ സുരക്ഷ സംസ്ഥാന സർക്കാർ ഒരുക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു. സുരക്ഷാ ലംഘനം ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി. സംഭവത്തെ അനാവശ്യമായി രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
ആർ ജി കർ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ. സന്ദീപ് ഘോഷ് മൃതദേഹങ്ങൾ വിറ്റെന്നും കൈക്കൂലി വാങ്ങിയെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് കോളേജിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി പരാതി നൽകി. ആശുപത്രിയിലെ അനധികൃത പ്രവർത്തനങ്ങളിലൂടെ സന്ദീപ് ലക്ഷങ്ങൾ സമ്പാദിച്ചെന്നും ഇയാളുടെ നേതൃത്വത്തിൽ വലിയൊരു ശൃംഖല പ്രവർത്തിച്ചിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്.
നിയമപ്രകാരം അംഗീകൃത കേന്ദ്രങ്ങളിലേക്കാണ് മെഡിക്കൽ മാലിന്യം കൊണ്ടുപോകേണ്ടത്. പ്രിൻസിപ്പലായിരിക്കെ സന്ദീപ് ഘോഷ് ഇത് പുറത്തേക്ക് കടത്തി. 2023ൽ സന്ദീപ് ഘോഷിനെതിരേ വിജിലൻസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബംഗാൾ സർക്കാർ സന്ദീപിനെതിരെ കഴിഞ്ഞദിവസം അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |