ന്യൂഡൽഹി: പരിശീലന കേന്ദ്രത്തൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ വനിതാ കോൺസ്റ്റബിൾ ട്രെയിനിമാർ ധർണ നടത്തി. ഗോരഖ്പൂരിലെ ബിച്ഛിയയിലെ പി.എ,സി ക്യാമ്പിലാണ് സംഭവം. അറൂന്നൂറോളം വനിതാ കോൺസ്റ്റബിൾമാരാണ് ബുധനാഴ്ച രാവിലെ പരിശീലന കേന്ദ്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്.
കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യം തുടങ്ങിയവ അപര്യാപ്തമാണെന്ന് ട്രെയിനികൾ ആരോപിച്ചു. 360 പേർക്ക് കഴിയാവുന്നിടത്ത് 600 പേരാണുള്ളതെന്നും പരാതി പറഞ്ഞാൽ അധികൃതരുടെ ഭാഗത്ത് നിന്ന് മോശം സമീപനമാണ് ഉണ്ടാകുന്നതെന്നും ഇവർ ആരോപിച്ചു. വെള്ളവും വെളിച്ചവും ഫാനും ഇല്ല. തുറസായ സ്ഥലത്ത് നിന്നാണ് കുളിക്കേണ്ടി വരുന്നതെന്നും സ്ത്രീകളുടെ ടോയ്ലെറ്റിന് സമീപം ക്യാമറ
സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് അടിയന്തരമായി നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു,
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പി.എ. സി കമാൻഡന്റ് ആനന്ദ് കുമാർ,സി.ഒ ദീപാൻഷി റാത്തോഡ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സംസാരിച്ചു. പരാതികൾ പരിഹരിക്കുമെന്ന് ഉറപ്പും നൽകി. ചർച്ചകളെത്തുടർന്ന് ട്രെയിനികൾ പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങി. ജൂലായ് 21ന് ബിച്ച്ഹിയ പിഎസി ക്യാമ്പസിൽ പരിശീലനം ആരംഭിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പ്രതിഷേധം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |