കൊച്ചി: മലയാള സിനിമയിലെ പവർഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ഗ്രൂപ്പ് ഒരാളുടെ തൊഴിൽ നഷ്‌ടപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. നടി പാർവതി തിരുവോത്തിന്റെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സിനിമയിൽ ആർക്കും അവസരങ്ങൾ അങ്ങനെ നിഷേധിക്കാൻ സാധിക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞു.
ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. സക്‌സസ്‌ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാഗമായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയേ ഉള്ളൂ. ആർക്കും ആരെയും കഥാപാത്രങ്ങൾക്കായി നിർദ്ദേശിക്കാൻ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുക. അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ സമീപിക്കുന്നത്. പാർവതി കഴിവുള്ള നടിയാണ്. എത്രയോ നല്ല സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്? ഈ അടുത്തിടെ ഇറങ്ങിയ സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ് പറഞ്ഞു. താനും അഭിനയിക്കുന്ന ആളാണെന്നും സിനിമയിൽ നിന്നൊഴിവാക്കിയെന്ന് തനിക്കും പറയാമല്ലോ എന്നും അഭിപ്രായപ്പെട്ട അദ്ദേഹം സിനിമ കിട്ടിയാൽ മാത്രമേ അഭിനയിക്കാൻ സാധിക്കൂ എന്നും അത് നേടിയെടുക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അമ്മ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ സ്വാഗതാർഹമാണ്. അതിലെ ശുപാർശകളെല്ലാം നടപ്പിൽവരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത് അമ്മയെ അല്ല. മാദ്ധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതിൽ വിഷമമുണ്ടെന്നും തെറ്റുചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |