വാഷിംഗ്ടൺ: ലോകത്ത് സമാധാനവും സമൃദ്ധിയും സ്ഥിരതയും നടപ്പാക്കാനുള്ള ശക്തി ഇന്ത്യ - യു.എസ് കൂട്ടുകെട്ടിനുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്നലെ വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'വഞ്ചന നമ്മുടെ സ്വഭാവത്തിലില്ല. നാം ഒരുപക്ഷേ, വഞ്ചിക്കപ്പെടാം. എന്നാൽ നമുക്ക് ഒരിക്കലും മറ്റുള്ളവരെ വഞ്ചിക്കാൻ കഴിയില്ല. ഇതാണ് ലോകത്തിന് നൽകേണ്ട സന്ദേശം." അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യയുടെ യശ്ശസ് ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ആഗോള വേദിയിൽ ഇന്ത്യയുടെ വാക്കുകളിലേക്ക് ലോക രാജ്യങ്ങൾ ശ്രദ്ധയോടെ കാതോർക്കുന്നു.
2027ഓടെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്നും ആർക്കും അത് തടയാനാവില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്റെ ക്ഷണപ്രകാരം നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അദ്ദേഹം യു.എസിലെത്തിയത്. ഓസ്റ്റിൻ അടക്കമുള്ള ഉന്നത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |