തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയുമായി പൊലീസ് സംഘം വിശാഖപട്ടണത്തും നിന്ന് ഇന്ന് യാത്ര തിരിക്കും. വിജയവാഡയിൽ നിന്ന് രാത്രി 10.25 നുള്ള കേരളാ എക്സ്‍പ്രസിലാണ് യാത്ര.
കുട്ടിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നലെ രാത്രി പൊലീസ് പൂർത്തിയാക്കി.
കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വിശാഖപട്ടണത്തെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ, രാത്രിയായതിനാൽ ഇന്നലെ കുട്ടിയെ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. നാളെ രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ആദ്യം വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം സിഡബ്ല്യുസിയുടെ മുമ്പാകെ ഹാജരാക്കും.
കുട്ടിക്ക് മാതാപിതാക്കളിൽ നിന്നും മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതിൽ വ്യക്തത വരുത്തിയ ശേഷമാകും ഇവർക്കൊപ്പം വിടാനുള്ള കാര്യത്തിൽ തീരുമാനമെടുക്കുക.
കാണാതായി 37 മണിക്കൂറിന് ശേഷമാണ് വിശാഖപ്പട്ടണത്ത് നിന്നും 13കാരിയെ കണ്ടെത്തിയത്. മാതാപിതാക്കളുമായി പിണങ്ങി കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ട്രെയിൽ കയറി സ്വദേശമായ ആസാമിലേക്കായിരുന്നു പോകാൻ ശ്രമിച്ചത്. തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ ട്രെയിനിലെ യാത്രക്കാരി പകർത്തിയ ചിത്രമാണ് കേസിൽ നിർണായകമായത്. തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കുട്ടിക്കായുള്ള തെരച്ചിൽ നടത്തി. ഒടുവിലാണ് വിശാഖപ്പട്ടണത്ത് നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്നും ആസാമിലുള്ള മുത്തശിക്കരികെ പോകണമെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |