വടക്കാഞ്ചേരി: കഴിഞ്ഞമാസം പെയ്ത മഴയിൽ നശിച്ച 120 ഏക്കർ വിരിപ്പ് കൃഷി ഉഴുത് കളയാൻ ഒരുങ്ങി കർഷക കൂട്ടായ്മ.
എങ്കക്കാട് പടിഞ്ഞാറ്, എങ്കക്കാട് കിഴക്ക്, മംഗലം പാടശേഖരങ്ങളിൽ 80 കർഷക കൂട്ടായ്മ ഇറക്കിയ കൃഷിയാണ് പ്രളയം വിഴുങ്ങിയത്. ഇതോടെ കൂട്ടായ്മയ്ക്ക് 24 ലക്ഷം രൂപയാണ് നഷ്ടം. ഓണത്തിന് മുമ്പ് സെപ്റ്റംബർ ആദ്യവാരം വിളവെടുപ്പിന് തയ്യാറെടുക്കുകയായിരുന്നു കർഷകർ. മുൻകാലങ്ങളിൽ വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിങ്ങനെ മൂന്നു വിളയായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയിൽ ഇപ്പോൾ ചെയ്യുന്നത് മുണ്ടകൻ കൃഷി മാത്രമായി. വിരിപ്പും പുഞ്ചയും പൂർണമായും ഉപേക്ഷിച്ചു. ഉമ നെൽവിത്ത് ഉപയോഗിച്ച് ചെയ്ത കൃഷിക്ക് 100 മേനിയാണ് വിളവ് പ്രതീക്ഷിച്ചിരുന്നത്. ഒരു ഏക്കറിൽ 2000 കിലോ നെല്ല് ലഭിക്കുമെന്ന് കണക്കു കൂട്ടിയിരുന്നു കർഷകർ. പാടശേഖരങ്ങളിൽ ആറടി പൊക്കത്തിലാണ് വെള്ളം കയറിയത്. നെൽച്ചെടികളിൽ രൂപപ്പെട്ട കതിരുകൾ പതിരായി മാറി.
അടുത്ത ദിവസം മുതൽ മുഴുവൻ കൃഷിയും ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കും. തോറ്റു പിൻവാങ്ങാൻ തയ്യാറല്ല. അതിജീവനത്തിന് തന്നെയാണ് തയ്യാറെടുക്കുന്നത്. മുണ്ടകൻ കൃഷിയുടെ പ്രവർത്തനങ്ങൾ അടുത്ത ദിവസം മുതൽ ആരംഭിക്കും.
- നാസർ മങ്കര
ഈ വർഷത്തെ നഗരസഭയുടെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയ യുവ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |