പാലോട്: മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിൽ നിശ്ചലമായിട്ട് ഒന്നര വർഷംകഴിഞ്ഞു. 2017ൽ ആരംഭിച്ച മലയോര ഹൈവേ നിർമ്മാണം പൂർത്തീകരിച്ചാൽ ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമായില്ല. 2022 ഡിസംബറിൽ പൂർത്തിയാകുമെന്നറിയിച്ചെങ്കിലും പകുതിയായപ്പോഴും സ്ഥിതി പഴയതു തന്നെ.തമിഴ്നാട് അതിർത്തി കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാര പടവ് വരെയാണ് മലയോര ഹൈവേ നിർമ്മാണം. പാറശാല, വെള്ളറട, അമ്പൂരി, കള്ളിക്കാട്, ആര്യനാട്, വിതുര, പെരിങ്ങമ്മല, പാലോട്, മടത്തറ എന്നിവിടങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് മലയോര ഹൈവേ.
പ്രഖ്യാപനം എങ്ങുമെത്തിയില്ല
ഓടകൾ,ദിശാബോർഡുകൾ,സുരക്ഷാവേലികൾ എന്നിവ റോഡിനെ അപകടരഹിതമാക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര കൊപ്പം വരെയാണ് നാലാം റീച്ചിൽ ഉൾപ്പെട്ടത്. പന്ത്രണ്ട് മീറ്റർ വീതിയിൽ നിർമ്മിക്കേണ്ട റോഡ് ഒൻപത് മീറ്ററിലും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഓടയും വരുന്ന രീതിയിലാണ് പണിയുന്നത്. ഗാർഡർ സ്റ്റേഷനിൽ ആരംഭിച്ച റോഡ് ചിറ്റൂർ എത്തിയതോടെ വീതി കുറഞ്ഞതായി പരാതിയുണ്ടായി. പഴയ ഓട അതേപടി നിലനിറുത്തി റോഡിനകത്ത് പുതിയത് പണിതെന്നും ഇതോടെ റോഡ് പാതിയായി ചുരുങ്ങിയെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ചിറ്റൂർ, പൊട്ടൻകുന്ന്, മുതിയാൻകുഴി, ഇക്ബാൽ കോളേജിന് മുൻവശങ്ങളിലും പരാതിയുണ്ടായി.
പൊതുമരാമത്ത്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെത്തി ഇരുവശങ്ങളിലെ പുറമ്പോക്ക് ഉൾപ്പെടെയുള്ള ഭൂമി അളന്നുതിരിച്ച് കല്ലിട്ടിരുന്നു. പിന്നീട് കിഫ്ബി ഉദ്യോഗസ്ഥരെത്തി വീണ്ടും അളന്നു. ഇക്ബാൽ കോളേജ് മുതൽ കൊച്ചുകരിക്കകം പാലം വരെയുള്ള മതിലും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് റോഡ് നിർമ്മിച്ചത്. എന്നാൽ, കൊച്ചുകരിക്കകം പാലം മുതൽ അരയകുന്ന് വരെയുള്ള റോഡുപണിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെ നിർമ്മാണക്കമ്പനിയും നാട്ടുകാരും തമ്മിൽ തർക്കമായി. തെന്നൂർ ജംഗ്ഷന്റെ ഒരുവശത്തെ കെട്ടിടങ്ങളിടിച്ചു നിരത്തിയെന്ന നാട്ടുകാരുടെ പരാതിയിൽ കളക്ടർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും നിർമ്മാണം നിശ്ചലമാണ്.
കുഴികളിൽ വീണാൽ നടുവൊടിയും
മലയോര ഹൈവേയുടെ നാലാം റീച്ചിൽപ്പെട്ട കൊച്ചുകരിക്കകം ജംഗ്ഷൻ മുതൽ പാലം വരെയുള്ള പ്രദേശത്ത് തർക്കങ്ങൾ മൂലം പണി നിറുത്തിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ്, സഹകരണ ബാങ്ക്,ഹോമിയോ ഡിസ്‌പെൻസറി,പ്രാഥമിക ആരോഗ്യകേന്ദ്രം, ബാങ്ക് ഒഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിവിടെയുണ്ട്. 200 മീറ്ററോളം വരുന്ന ഇവിടെ പണി നിറുത്തിവച്ചിട്ട് ഒൻപത് മാസത്തോളമായി.റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കുഴികളിൽ വീണ് അപകടം പതിവാണ്.
മലയോര ഹൈവേയുടെ വരവ് ടൂറിസം മേഖലയ്ക്ക് ഉണർവേകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമായില്ല. അപാകതകൾ പരിഹരിച്ച് അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.
ബി. സുശീലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |