പാലക്കാട്: പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും അതിൽ ഉറച്ച് നിൽക്കുന്നുവെന്നും സന്ദീപ് വാര്യർ. നേതാക്കൾ വന്നുകണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കരുതെന്നും സന്ദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ വ്യക്തി ആരാധനയിൽ വിശ്വസിക്കുന്നയാളല്ലെന്നും പ്രത്യയശാസ്ത്രത്തെ അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സന്ദീപ് വാര്യർ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് ആർഎസ്‌എസ് നിർദേശിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ആർഎസ്‌എസ് പ്രതിനിധിയായ എ ജയകുമാറിനോട് പ്രശ്‌നങ്ങൾ പറഞ്ഞു. എന്റെ പരാതികൾ നേരത്തെ കേട്ടിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല എന്ന് നേരത്തെ സന്ദീപ് വ്യക്തമാക്കിയിരുന്നു. 'വയനാട്ടിലെ പ്രചരണത്തിന്റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഔദ്യാരമായി അവതരിപ്പിക്കരുത്. അത് അർഹതയ്ക്കുള്ള അംഗീകാരം. ചുമതല നന്നായി നിറവേറ്റി. പാർട്ടിയിൽ എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചത്.
സിപിഎം നേതാക്കൾ എന്നെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിന് നന്ദിയുണ്ട്. എന്നാൽ സിപിഎമ്മിൽ ചേരാനില്ല. ഇപ്പോൾ ബിജെപിയിലാണുള്ളത്. സ്വന്തം ജില്ലയിൽ തന്നെ എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചത്. അപമാനിക്കപ്പെടില്ല എന്ന സുരേന്ദ്രൻ നൽകിയ ഉറപ്പിന്മേലാണ് പാലക്കാട് പോയത്. എന്നാലത് തെറ്റി. കൺവെൻഷന് പോയപ്പോൾ വീണ്ടും അപമാനിക്കപ്പെട്ടു. ഇത്തരത്തിൽ വീണ്ടും അപമാനം സഹിക്കേണ്ടി വന്നപ്പോഴാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്'- എന്നായിരുന്നു മുൻപ് സന്ദീപ് വാര്യർ വ്യക്തമാക്കിയത്. ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സിപിഎമ്മിലേക്ക് പോകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് സന്ദീപ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |