താരസംഘടനയായ അമ്മയിലെ ചില അംഗങ്ങളെ കുറിച്ചുള്ള ആരോപണം മാത്രമല്ല മറ്റുചില മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് മുരളി തുമ്മാരുകുടി. അന്വേഷണം വ്യക്തികളിൽ മാത്രം ഒതുക്കരുത്. കാരണം പുതുമുഖങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒരു ഉപാധിയായി പ്രസ്ഥാനം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. സിനിമയിൽ കാണിക്കുന്ന ധാർമ്മിക രോഷത്തിന്റെ ഒരു തരിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഉള്ള നായകന്മാർ അമ്മ സംഘടനയിൽ ഉണ്ടെങ്കിൽ അവർ ഈ സംഘടന ശുദ്ധീകരിക്കാൻ ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുരളി തുമ്മാരുകുടിയുടെ വാക്കുകൾ-
ആരുടെ അമ്മ ?
മലയാളത്തിലെ സിനിമാതാരങ്ങളുടെ സംഘടനയെ (എ എം എം എ) പറ്റി കേൾക്കുന്ന കാര്യങ്ങൾ പേടിപ്പിക്കുന്നു.
ആ സംഘടനയിലെ ഇപ്പോഴത്തെയോ മുൻപത്തേയോ ഭാരവാഹികൾ ആയ/ആയിരുന്ന നടൻമാർ സ്ത്രീകളോട് അപമര്യാദയായി പെരുമാറി, ബലാത്സംഗം വരെ ചെയ്തു എന്നുള്ള ആരോപണം വരുന്നു. ആരോപണ വിധേയർ ഓരോരുത്തരും വ്യകതിപരമായി അതിന് മറുപടി പറയേണ്ടി വരും, അതിജീവിതമാർ കേസുമായി മുന്നോട്ട് പോയാൽ വിചാരണ നേരിടേണ്ടി വരും.
ആരോപണവിധേയനായ സിദ്ദിഖ് സെക്രട്ടറി സ്ഥാനം രാജി വച്ച സ്ഥിതിക്ക് ഇനി ഭാരവാഹികളുടെ ആരുടെയെങ്കിലും പേരുണ്ടായാൽ അവരും രാജി വച്ച് അന്വേഷണം നേരിടും എന്ന് കരുതാം. അത് ശരിയായ കാര്യമാണ്
അമ്മയിലെ ഒരു അംഗത്തെ പറ്റി ആരോപണം വന്നാൽ സംഘടന എന്ത് ചെയ്യും എന്നറിയാൻ താല്പര്യമുണ്ട്. ആരോപണം പരാതിയായി കോടതിയിൽ തെളിയിക്കപ്പെടുന്നത് വരെ ആരോപണവിധേയനെ പിന്തുണക്കുമോ? ആരോപണത്തെ നേരിടാൻ അംഗത്തെ സഹായിക്കുമോ?
ആരോപണം ഉന്നയിച്ചത് അമ്മയിലെ അംഗം ആണെങ്കിൽ എന്ത് സ്റ്റാൻഡ് ആയിരിക്കും എടുക്കുക?, അവർക്ക് പിന്തുണ നൽകുമോ?, ആരോപണം പരാതിയായി എഴുതിക്കൊടുത്ത് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് കൊടുക്കാൻ അതിജീവിതയെ സഹായിക്കുമോ?
ഇനി എപ്പോഴെങ്കിലും അമ്മയുടെ ഭാരവാഹികൾ മാദ്ധ്യമങ്ങളെ കാണുമ്പോൾ ഇക്കാര്യം ഒന്ന് ചോദിക്കണം.
പക്ഷെ പുതിയതായി വരുന്ന ആരോപണങ്ങൾ സംഘടനയെ സംബന്ധിച്ചിടത്തോളം കൂടുതൽ ഗുരുതരമാണ്. കാരണം അത് സംഘടനയിലെ അംഗങ്ങളെ പറ്റിയല്ല, അംഗത്വത്തെ പറ്റിയാണ്. 'അമ്മ എന്ന സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് വേണ്ടി പോലും "അഡ്‌ജസ്‌റ്റ്മെന്റ്" ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്ന്, അമ്മയുടെ അംഗത്വത്തിന്റെ ഫോം പൂരിപ്പിക്കാൻ വീട്ടിൽ ചെന്ന നടിയെ കോൺസെന്റ് ഇല്ലാതെ ചുംബിച്ചു എന്ന്, എതിർപ്പ് കാണിച്ചപ്പോൾ അംഗത്വം നൽകിയില്ല എന്നൊക്കെയാണ് ആരോപണങ്ങൾ. സത്യമാണെങ്കിൽ ധാർമ്മികമായി എത്ര ജീർണ്ണമാണ് ഈ പ്രസ്ഥാനം?. പുതുമുഖങ്ങളുടെ കരിയർ നിർമ്മിക്കാനും തകർക്കാനും കഴിവുള്ളവർ കൂട്ടായ്മയിൽ ഉണ്ടെന്നുള്ള ബലത്തിൽ, അവരോടുള്ള അടുപ്പത്തിൻ്റെ പേരിൽ, എത്ര പച്ചയായിട്ടാണ് ഭാരവാഹിത്തം വഹിക്കുന്നവർ ലൈംഗികമായ പ്രത്യുപകാരം ആവശ്യപ്പെടുന്നതെന്ന് അതിജീവിതമാർ പറയുന്നത്?
മറ്റു കേസുകളിൽ എന്ന പോലെ ഈ കേസിലും തീർച്ചയായും അന്വേഷണങ്ങൾ നടത്തണം. പക്ഷെ ഇതിലേക്കുള്ള അന്വേഷണം വ്യക്തികളിൽ മാത്രം ഒതുക്കരുത്. കാരണം പുതുമുഖങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒരു ഉപാധിയായി പ്രസ്ഥാനം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്.
എന്താണ് അമ്മയിൽ അംഗത്വത്തിനുള്ള മാനദണ്ഡം ?
അപേക്ഷ നൽകുന്നതിനുള്ള രീതി എന്താണ് ?
അപേക്ഷ നൽകിയവർക്ക് അംഗത്വം നിഷേധിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ കാരണം രേഖപ്പെടുത്തിയിട്ടുണ്ടോ ?
ഭാരവാഹികളുടെ വീട്ടിൽ പോയിട്ടാണോ ഫോം ഫിൽ ചെയ്യേണ്ടത്?
'അമ്മ അംഗങ്ങളിൽ നിന്നോ അംഗങ്ങളെ കുറിച്ചോ തെറ്റായ പെരുമാറ്റങ്ങളെ പറ്റി പരാതികൾ ലഭിച്ചിട്ടുണ്ടോ? അവ എങ്ങനെ കൈകാര്യം ചെയ്തു?, അതിൻ്റെ റെക്കോർഡ് എന്തൊക്കെയാണ്?
ഈ താര സംഘടനയിലെ ഏറെപ്പേർ ആരോപണവിധേയർ ആയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും അത്തരക്കാർ അല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് തന്നെ സിനിമയിൽ കാണിക്കുന്ന ധാർമ്മിക രോഷത്തിന്റെ ഒരു തരിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഉള്ള നായകന്മാർ ഈ സംഘടനയിൽ ഉണ്ടെങ്കിൽ അവർ ഈ സംഘടന ശുദ്ധീകരിക്കാൻ ഇറങ്ങണം.
മുരളി തുമ്മാരുകുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |