തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗിറ്റാറിസ്റ്റ്
തിരുവനന്തപുരം മണികണ്‌ഠേശ്വരം, പുത്തൂർ ഹൗസിൽ (സി5) ജോസ് തോമസ് പുത്തൂർ (54) നിര്യാതനായി. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്നു. യാത്രയ്ക്കിടെ അവശനായ അദ്ദേഹം കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്ന മകൻ ജീവനക്കാരെ വിവരമറിയിച്ചതുപ്രകാരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തര ചികിത്സ നൽകി. ലാൻഡിംഗിനുശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങിയ ഗായകരുടെ പരിപാടികളിലും നിരവധി സിനിമകളിൽ സംഗീതസംവിധായകർക്കായും പിന്നണിയിൽ ജോസ് തോമസ് ഉണ്ടായിരുന്നു. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിൽ സ്ഥിരംസാന്നിദ്ധ്യമായിരുന്നു. നാദബ്രഹ്മം സംഗീത ഗ്രൂപ്പിലും മക്കൾക്കൊപ്പം ചേർന്ന് ജാമർ എന്ന ബാൻഡിലും അദ്ദേഹം ഭാഗമായി. ഭക്തിഗാന ആൽബങ്ങൾ ഒരുക്കിയിട്ടുണ്ട്. പാലാ പൂഞ്ഞാർ ചേന്നാട് പരേതനായ തോമസിന്റെയും മേരി തോമസിന്റെയും മകനാണ്. ഭാര്യ: മിനി ജോസ്. മക്കൾ: അമൽ (കീബോർഡിസ്റ്റ്), എമിൽ (ഗിറ്റാറിസ്റ്റ്). സംസ്‌കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |