പാരീസ്: പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ സ്വന്തം റെക്കാഡ് തിരുത്തി സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി അവനി ലേഖാര. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൾ സ്റ്റാൻഡിംഗ് എസ്.എച്ച് 1ലാണ് 249.7 പോയിന്റ് നേടിയാണ് പാരാലിമ്പിക്സ് റെക്കാഡ് കുറിച്ച് 22കാരിയായ അവനി പൊന്നണിഞ്ഞത്. കഴിഞ്ഞ തവണ ടോക്യോയിൽ 249.6പോയിന്റ് നേടി ലോക റെക്കാഡിനൊപ്പമെത്തിയ പ്രകടനം പുറത്തെടുത്ത അവനി അന്ന് പാരാലിമ്പിക്സ് റെക്കാഡ് സ്വന്തമാക്കിയിരുന്നു. ഇത്തവണ സ്വന്തം പേരിലുണ്ടായിരുന്ന പാരാലിമ്പിക്സ് റെക്കാഡ് മെച്ചപ്പെടുത്തിയ പ്രകടനം പുറത്തെടുത്ത അവനി തുടർച്ചയായ രണ്ട് പാരാലിമ്പിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി. യോഗ്യതാറൗണ്ടിൽ നിന്ന് രണ്ടാം സ്ഥാനക്കാരിയായാണ് അവനി ഫൈനലിൽ എത്തിയത്.രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് 2021ൽ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയും 2022ൽ പത്‌മശ്രീയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
അവനിയുടെ പാരാലിമ്പിക്സ് കരിയറിലെ മൂന്നാമത്തെ മെഡലാണ് ഇത്തവണത്തെ സ്വർണം ടോക്യോയിൽ 50മീറ്റർ റൈഫിൾ 3 പൊസിഷൻ എസ്.എച്ച്1ൽ വെങ്കലം നേടിയരുന്നു.
തളരാത്ത പോരാളി
2012ൽ 11-ാം വയസിൽ സംഭവിച്ച കാറപകടത്തിലാണ് അവനിയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നു പോയത്. തുടർന്ന് വീൽച്ചെയറിലായി അവനിയുടെ ജീവിതം. പിതാവിന്റെ പ്രോത്സാഹനമാണ് അവനിയെ കായിക രംഗത്തേക്ക് കൊണ്ടുവന്നത്. ആദ്യം ആർച്ചറിയിൽ പരിശീലനം തുടങ്ങിയ പിന്നീട് ഷൂട്ടിംഗിലേക്ക് തിരിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |