കൊച്ചി: കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടവന്ത്ര സ്വദേശിയായ സുഭദ്രയുടെ (73) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കലവൂരിലെ വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചുമൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നിച്ച് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ചേർന്ന് സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം. ഇവർ ഒരുമിച്ച് യാത്ര ചെയ്‌തെന്ന വിവരമുണ്ട്. ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചെന്നും ഇതിന് ശേഷം ഇവർ തമ്മിൽ തെറ്റിയെന്നും കരുതുന്നു.
കുറച്ച് കാലത്തിന് ശേഷം ഇവർ തമ്മിൽ വീണ്ടും അടുപ്പത്തിലായി. ശേഷം സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മറ്റ് സ്വർണവും കവർന്നു. കൊലപാതകം നടത്തിയെന്ന് കരുതുന്ന രണ്ട് പേരും ഇപ്പോൾ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |