മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മലപ്പുറം എസ് പി എസ്.ശശിധരനെ സർക്കാർ സ്ഥലംമാറ്റി. എസ്.പിയടക്കം ജില്ലാ പൊലീസിൽ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. ഡിവൈ എസ് പിമാർ മുതലുള്ളവർക്ക് സ്ഥലംമാറ്റമുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.പൊലീസിലെ അഴിച്ചുപണിയിൽ തൃപ്‌തനാണെന്നാണ് പി.വി അൻവർ എംഎൽഎ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.
മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതിൽ മാപ്പ് പറയില്ലെന്ന് മുൻപ് അൻവർ വ്യക്തമാക്കിയിരുന്നു. ശശിധരൻ നമ്പർ വൺ സാഡിസ്‌റ്റാണെന്നും ഈഗോയിസ്‌റ്റാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കേ നൽകൂ എന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. എസ്.പിയോട് മാപ്പ് പറയില്ലെന്നും കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട് , ഇനിയും വേണോ മാപ്പ്' എന്നുമായിരുന്നു അൻവർ മുൻപ് നടത്തിയ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |