ഒരു മുത്തശിക്കഥ പോലെ മനോഹരം എന്ന് ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. ചിയോതിക്കാവും അവിടത്തെ ക്ഷേത്രവും വിശ്വാസങ്ങളുമാണ് പ്രധാന പശ്ചാത്തലം. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.ഇവർ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നത് കണ്ട് അറിയേണ്ടതാണ്.ഒരു സസ്‌പെൻസ് ഘടകം ഒളിഞ്ഞുകിടപ്പുണ്ട്. മൂന്നു വേഷങ്ങളിലും ടൊവിനോ തോമസ്.
ഇവിടെയാണ് ടൊവിനോ എന്ന നടൻ ആടിത്തിമിർക്കുന്നത്..എന്നാൽ മണിയൻ എന്ന കഥാപാത്രമാണ് കൂടുതൽ നിറഞ്ഞുനിൽക്കുന്നത്.
മോഹൻലാലിന്റെ ശബ്ദ സാന്നിദ്ധ്യം പാൻ ഇന്ത്യൻ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ ആകർഷണീയതയാണ്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ.സുരഭി ലക്ഷ്മി അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി ഒരുപടി മുകളിൽ നിൽക്കുന്നു. മൂന്ന് കഥാപാത്രങ്ങളും മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ ദുഹാൻ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതനായ സുജിത് നമ്പ്യാർ ശക്തമായ തിരക്കഥ തന്നെ ഒരുക്കി. മൂന്ന് കാലഘട്ടത്തിലും മികച്ച ദൃശ്യഭാഷ തന്നെ ജോമോൻ ടി ജോൺ ഒരുക്കി. ജിതിൻ ലാലിന്റെ മനസ് കണ്ടറിഞ്ഞാണ് ഷമീർ മുഹമ്മദിന്റെ ചിത്ര സംയോജനം. മലയാളത്തിലേക്കുള്ള വരവ് തമിഴ് സംഗീത സംവിധായകനും മലയാളിയുമായ ദിബു നൈനാൻ തോമസ് മനോഹരമാക്കുക തന്നെ ചെയ്തു.മികച്ച ഫാന്റസി ചിത്രങ്ങളുടെ നിരയിലേക്ക് അജയന്റെ രണ്ടാം മോഷണം ഇടംപിടിക്കുമെന്ന് ഉറപ്പാണ്.പൂർണമായും വിഷ്വൽ ട്രീറ്റ് തന്നെയാണ് അജയന്റെ രണ്ടാം മോഷണം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു.ജി. എം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോ. സഖറിയ തോമസും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |