വടക്കഞ്ചേരി: ഓണ വിപണിയിൽ ഓണത്തപ്പൻ(മാതേവർ) വില്പന തകൃതി. പണ്ട് വീടുകളിൽ തന്നെ മണ്ണുകൊണ്ട് നിർമ്മിച്ചിരുന്ന ഓണത്തപ്പനും അങ്ങാടിയിൽ സുലഭമാണ്. മണ്ണ് കൊണ്ട് നിർമ്മിച്ച 7 ഓണത്തപ്പൻ ഒരു കൂട്ടത്തിന് 190 രൂപയാണ് വില. ഏറ്റവും ഉയരം കൂടിയ ഒരെണ്ണവും തൊട്ടു താഴെ ഉയരമുള്ള രണ്ടെണ്ണം ഇരുവശത്തുമായും അതിനു താഴെ നാലെണ്ണം എന്ന അളവിലാണ് മണ്ണുകൊണ്ടുള്ള ഓണത്തപ്പനെ ഉണ്ടാക്കുന്നത്. ഓണം കഴിഞ്ഞാൽ മഴയിൽ അലിഞ്ഞു പോകണം എന്നതിനാൽ ചുട്ടെടുക്കാതെ ഇവ ഉണക്കിയെടുക്കുകയാണ് ചെയ്യുക. തുളസി, ചെമ്പരത്തി, കൃഷ്ണകിരീടം തുടങ്ങി പൂക്കൾ കുത്തി നിർത്താൻ ഇവയിൽ നിരവധി ദ്വാരങ്ങളും ഇട്ടിട്ടുണ്ട്. കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ ഓണത്തപ്പന് മാറ്റ് കൂട്ടുന്നതിനായി ചുവന്ന കളറും ചിലതിൽ ഇഷ്ടിക പൊടിയും തേച്ചിട്ടുണ്ട്.
മരത്തിൽ ഉണ്ടാക്കിയ ഓണത്തപ്പനും മാർക്കറ്റിലുണ്ടെങ്കിലും മണ്ണിൽ നിർമ്മിച്ച ഓണത്തപ്പനാണ് ആവശ്യക്കാർ കൂടുതൽ. പല സ്ഥലങ്ങളിലും പൂരാടം മുതൽ തിരുവോണ നാൾ വരെ വിവിധ എണ്ണങ്ങളായി വർദ്ധിപ്പിച്ചാണ് വീടിന്റെ പടിമുതൽ മുറ്റം വരെ വിവിധ ഇടങ്ങളിലായി ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്. ഓണത്തപ്പൻ, മാതേവർ എന്നിങ്ങനെ പല സ്ഥലങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്ന തൃക്കാക്കരയപ്പനെ അരിമാവിൽ കളം വരച്ച്, പീഢത്തിലും നിലത്തും ഒന്നിച്ചും പല സ്ഥലങ്ങളിലുമായി പ്രാദേശികമായി പല സങ്കല്പങ്ങൾക്കനുസരിച്ചാണ് പ്രതിഷ്ഠിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ കുംഭാര സമുദായക്കാരാണ് മുൻകാലങ്ങളിൽ മാതേവരെ തലകളിൽ ചുമന്ന് വീടുകളിൽ എത്തിച്ചു വിറ്റിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |