മംഗളൂരു: ആലപ്പുഴ കലവൂരിൽ കോർത്തുശ്ശേരി ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുടുക്കാൻ സഹായിച്ചത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ആലപ്പുഴ കാട്ടൂർ സ്വദേശി നിധിൻ എന്ന മാത്യൂസ് (38), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള (36) എന്നിവരെ മണിപ്പാൽ പെറംപള്ളിയിൽ നിന്നാണ് പിടികൂടിയത്.
ഫോൺ നിരീക്ഷണത്തിലൂടെയാണ് ശർമിള മുമ്പ് താമസിച്ചിരുന്ന ഉഡുപ്പിയിൽ ഇരുവരും എത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ഇന്നലെ രാവിലെയോടെ മംഗളൂരുവിൽ ശർമിളയുടെ ഫോൺ ഓണായതായി പൊലീസ് മനസിലാക്കി. ഉടൻ തന്നെ പൊലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശർമിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫോൺ ഓഫായി.
ഉച്ചയോടെ മണിപ്പാലിലെ ടവർ ലൊക്കേഷൻ വീണ്ടും ഓണായി. ശർമിള മുമ്പ് താമസിച്ചിരുന്ന പെറംപള്ളിയിലെ സ്‌ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോൾ ഈ സ്‌ത്രീ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. മകൻ മാത്രമായിരുന്നു വീട്ടിൽ.
സ്‌ത്രീയുടെ ഫോൺ നമ്പർ നേരത്തേ മനസിലാക്കിയിരുന്ന പൊലീസ് ശർമിളയും മാത്യൂസും കൊലക്കേസ് പ്രതികളാണെന്നും എത്തിയാൽ തടഞ്ഞുവയ്‌ക്കണമെന്നും നിർദേശം നൽകിയിരുന്നു. ഈ വിവരം സ്‌ത്രീ മകനെ വിളിച്ചറിയിക്കുമ്പോഴേക്കും പ്രതികൾ മടങ്ങി. ഉടൻ മകനെ വിളിച്ച പൊലീസ്, ദമ്പതികളെ ഉടൻ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മകൻ ഇവരെ തരിച്ചുവിളിച്ചു. ആശുപത്രിയിൽ പോയ അമ്മ ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മണിപ്പാൽ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ തോംസൺ കേരള പൊലീസിനൊപ്പം ഉണ്ടായിരുന്നു. ഇത് സ്ഥലം എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിച്ചു. മണ്ണഞ്ചേരി ഇൻസ്‌പെക്‌ടർമാരായ നിവിൻ, മോഹൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |