പവൻ വില 960 രൂപ ഉയർന്ന് 54,600 രൂപയിലെത്തി.
കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നലെ സ്വർണ വിലയിൽ വൻ കുതിപ്പുണ്ടായി. യൂറോപ്പിലെ കേന്ദ്ര ബാങ്കായ യൂറോപ്യൻ സെൻട്രൽ ബാങ്ക്(ഇ.സി.ബി) മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചതും അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണത്തിലേക്കുള്ള നിക്ഷേപംകൂട്ടുന്നത്. ഇന്നലെ കേരളത്തിൽ പവൻ വില 960 രൂപ വർദ്ധിച്ച് 54,600 രൂപയിലെത്തി. ഗ്രാമിന്റെ വില 120 രൂപ ഉയർന്ന് 6,825 രൂപയിലെത്തി. ആഗോള വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,570 ഡോളറായി ഉയർന്നിരുന്നു. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില നിലവിൽ 75 ലക്ഷം രൂപയാണ്.
ഉപഭോക്താക്കൾ വലയുന്നു
കല്യാണ സീസണും ഉത്സവകാലവും പുരോഗമിക്കുമ്പോൾ സ്വർണ വിലയിലെ വൻകുതിപ്പ് ഉപഭോക്താക്കളെ വലയ്‌ക്കുകയാണ്.
ഈ വർഷത്തിന്റെ തുടക്കത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില 2,063 ഡോളറായിരുന്നു. ഇതുവരെ 507 ഡോളറിന്റെ വർദ്ധനയാണ് നേടിയത്. ഇക്കാലയളവിൽ സംസ്ഥാനത്ത് ഗ്രാമിന്റെ വില 5855 രൂപയിൽ നിന്ന് 970 രൂപയുടെ വർദ്ധനയോടെ 6,825 രൂപയിലെത്തി. കഴിഞ്ഞ ബഡ്‌ജറ്റിൽ കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതാണ് ഇന്ത്യയിലെ സ്വർണ വില റെക്കാഡിന് താഴെ തുടരാൻ കാരണം. നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് 59,000 രൂപയിലധികം ചെലവഴിക്കണം.
ഈ വർഷം സ്വർണ വിലയിലെ മാറ്റം
ആഗോള വിലയിലെ വർദ്ധന 507 ഡോളർ
ആഭ്യന്തര വിപണിയിൽ ഗ്രാം വിലയിലെ വർദ്ധന 970 രൂപ
വിലക്കയറ്റം ഉപഭോക്താക്കളെ ബാധിക്കുന്നുണ്ടെങ്കിലും വാങ്ങൽ താത്പര്യം ശക്തമാണ്.
അഡ്വ. എസ്. അബ്ദുൽ നാസർ
ട്രഷറർ
എ.കെ.ജി.എസ്.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |