കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റിനായി ചില്ലറ തപ്പി മെനക്കെടേണ്ട. ഏപ്രിൽ മുതൽ എല്ലാ ബസുകളിലും ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം വരും. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി ക്യു.ആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്ര് മെഷീൻ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കും.
ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് കാശ് നൽകാം. ഡെബിറ്റ് കാർഡ് സൗകര്യവും ഉണ്ടാകും. ഇന്റർനെറ്റ് സൗകര്യം കുറവുള്ള മലയോരമേഖലകളിൽ ഓഫ്‌ലൈനായും ക്യു.ആർ കോഡ് ഉപയോഗിച്ച് ടിക്കറ്രെടുക്കാം. കെ.എസ്.ആർ.ടി.സി ബസ് എത്തുന്ന സമയം, എവിടെ എത്തി, ഏത് റൂട്ട് എന്നിവ അറിയുന്നതിനായി മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ച ആപ്ളിക്കേഷനാണ് ഇതിനായി ഉപയോഗിക്കുക. ഈ കമ്പനി തന്നെയാകും ടിക്കറ്റ് മെഷീനുകൾ ലഭ്യമാക്കുക. നിലവിലുള്ള ടിക്കറ്റ് സംവിധാനവും ഇതിനൊപ്പം ഉണ്ടാകും.
ടിക്കറ്റിൽ 13 പൈസ
സ്വകാര്യ കമ്പനിക്ക്
ആൻഡ്രോയ്ഡ് ടിക്കറ്ര് മെഷീനുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി പണം കണ്ടെത്തേണ്ടതില്ല. ആവശ്യമായ മെഷീനുകൾ ചലോ മൊബിലിറ്റി കമ്പനി ലഭ്യമാക്കും. ഇതിനായി ചെലവാകുന്ന തുകയ്ക്കായി കമ്പനിക്ക് ഓരോ ടിക്കറ്റിൽ നിന്നും 13 പൈസ വീതം നൽകണം. സിംകാർഡ്, പേപ്പർറോൾ, ഡിപ്പോകളിലേക്ക് കമ്പ്യൂട്ടർ, പ്രിന്റർ, സെർവർ എന്നിവയും കമ്പനി ലഭ്യമാക്കും.
ടിക്കറ്റും ബുക്ക് ചെയ്യാം
ചലോ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കും. ട്രെയിൻ ടിക്കറ്റിന് സമാനമായി കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും നൽകിയാൽ ടിക്കറ്റ് നിരക്ക് കാണിക്കും. ബസിൽ ജി.പി.എസ് സംവിധാനമുള്ളതിനാൽ സർവീസ് വൈകുന്നുണ്ടോ, കൃത്യത പാലിക്കുന്നുണ്ടോ, എവിടെ എത്തി തുടങ്ങിയ വിവരങ്ങൾ കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെ കൺട്രോൾ റൂമിന് നിരീക്ഷിക്കാനാകും.
5,420
ആകെ ബസുകൾ
6,504
ലഭ്യമാക്കുന്ന ആൻഡ്രോയ്ഡ്
ടിക്കറ്റ് മെഷീനുകൾ
ഓൺലൈൻ സംവിധാനം ഉടൻ ആരംഭിക്കും. കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
കെ.ബി.ഗണേശ്കുമാർ
ഗതാഗതവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |