ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഇവിടെ ചത്രുവിന് സമീപം നൈദ്ഗ്രാം ഗ്രാമത്തിലെ പിംഗ്നൽ ദുഗദ്ദ എന്ന വനത്തിലാണ് സൈനികർ ഭീകരരെ നേരിട്ടത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന്റെയും ജമ്മു കാശ്‌മീർ പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്നാണ് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
കിഷ്ത്വാറിലെ ഛത്രൂവിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാ സേനയും തെരച്ചിൽ തുടങ്ങിയതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഏറ്റുമുട്ടൽ രാത്രിയും തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു.
ഉധംപൂരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചതിന് ശേഷം ദിവസങ്ങൾക്കകമാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. ജനവാസമുള്ള പ്രദേശങ്ങളിലും പോളിംഗ് നടക്കുന്ന ഭാഗങ്ങളിലും കടുത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്‌തംബർ 18നാണ് കാശ്‌മീരിൽ ഈ ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കിഷ്‌ത്വാറിൽ ഏറ്റുമുട്ടിയ ഭീകരർ ജൂലായിൽ ദോഡയിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ഉൾപ്പെട്ടവരാണെന്ന് സൂചനയുണ്ട്.സെപ്തംബർ 18ന് ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലായി എട്ട് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. കഴിഞ്ഞ ദിവസം കത്വ-ഉധംപൂർ അതിർത്തിക്കടുത്തുള്ള ബസന്ത്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |